Thursday, May 15, 2008

മകന്റെ വിവാഹത്തോടെ അമ്മക്കു സംഭവിക്കുന്നത്‌

ഒരു കുഞ്ഞു ജനിക്കുന്നതോടെ ഒരു അമ്മ കൂടി ജനിക്കുന്നു.

ഭര്‍ത്താവിനു വേണ്ടി മാത്രം കരുതിവെച്ചിരുന്ന സ്‌നേഹവും ശ്രദ്ധയും പരിചരണവും അന്നു മുതല്‍ പകുതിയിലും അധികം കുഞ്ഞിനുവേണ്ടി പങ്കുവെക്കപ്പെടുന്നു. ഇങ്ങനെ പങ്കുവെക്കപ്പെട്ട സ്‌നേഹം പൊട്ടിമുളച്ചു ഒരു വടവൃക്ഷമായി അമ്മ മനസ്സില്‍ വേരിറങ്ങി നില്‍ക്കുന്നു. (പക്ഷേ ഇന്നു പല അമ്മമാരും പാഴ്‌മരങ്ങളാണു വളര്‍ത്തിയതെന്ന തിരിച്ചറിവില്‍ പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.)

മകന്‍ വിവാഹം കഴിക്കുന്നതോടെ അമ്മയുടെ മനോനിലയില്‍ വേദനിപ്പിക്കുന്ന ഒരു വ്യത്യാസം കണ്ടുതുടങ്ങുന്നു. മകന്‍ വലുതാകുന്നതും വിവാഹം കഴിക്കുന്നതും കാലങ്ങളായി സ്വപ്നം കണ്ടുകൊണ്ടു കഴിഞ്ഞിരുന്ന അമ്മ, മകന്റെ വിവാഹം കഴിയുന്നതോടെ അന്യരോട്‌, എന്തിനു സ്വന്തം ഭര്‍ത്താവിനോടുപോലും ഒന്നു തുറന്നു പറഞ്ഞാശ്വസിക്കാന്‍ കഴിയാത്തവിധം വേദനിപ്പിക്കുന്ന ഒരു മാനസികാവസ്ഥയിലേക്കു സ്വയം പതിക്കുന്നു.

മകനിലുള്ള തന്റെ സ്വാതന്ത്ര്യം പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നതിന്റെ വേദന. ഏകയായി, മൌനയായി, ഈ ദു:ഖം സഹിക്കാന്‍ എല്ലാ അമ്മമാരും വിധിക്കപ്പെട്ടിരിക്കുന്നു.

ജനിച്ച നാള്‍ മുതല്‍ അവന്റെ ഉടുപ്പും നടപ്പും കഴിപ്പും ഉറക്കവുമൊക്കെ നിയന്ത്രിച്ചു പോന്നിരുന്ന ഒരു ഉടമസ്‌ഥാവകാശം പെട്ടെന്നൊരു ദിവസം ഹൈജാക്ക്‌ ചെയ്യപ്പെടുന്നതിന്റെ വേദന.

മകന്റെ മുറിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു ചെന്ന്‌ അവന്റെ അലസതയില്‍, അടുക്കും ചിട്ടയുമില്ലായ്‌മയില്‍ ആക്രോശിച്ചുപോന്ന അമ്മക്ക്‌ വിവാഹം കഴിയുന്നതോടെ മകന്റെ മുറി അപരന്റെ മുറിപോലെയാകുന്ന അവസ്ഥ.

മകന്റെ അശ്രദ്ധയെക്കുറിച്ച്‌ ഒരായിരം ശകാരം ചൊരിഞ്ഞുകൊണ്ട്‌, ഉള്ളിന്റെയുള്ളിലൊളിപ്പിച്ച ഒരു സുഖത്തോടെ, മകന്റെ മുഷിഞ്ഞ ഷര്‍ട്ടും പാന്റും ജീന്‍സും അലക്കിയിരുന്ന അമ്മക്ക്‌ അവന്റെ ഡ്രസ്സുകളില്‍ പെട്ടെന്ന്‌ അവകാശമില്ലായ്മ അനുഭവപ്പെടുന്ന അവസ്ഥ.

ഇന്നലെവരെ അവന്റെ പോക്കറ്റില്‍ നിന്നും അവകാശത്തോടെ പൈസ എടുത്തിരുന്ന അമ്മക്ക്‌ മകന്റെ പോക്കറ്റ്‌ അന്യന്റെ മുതലാകുന്ന അവസ്ഥ.

കാലങ്ങളായി മറ്റെന്തിനേക്കാളും വലുതായി മകന്റെ ഭക്ഷണക്കാര്യം മാത്രം ശ്രദ്ധിച്ചുപോന്ന അമ്മക്ക്‌ പെട്ടെന്നൊരുദിവസം അവനു വിളമ്പിക്കൊടുക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു.

സ്കൂളില്‍ പോകുന്ന നാള്‍ മുതല്‍ അവനു വേണ്ടി തുറന്നിരുന്ന വഴിക്കണ്ണുകള്‍ മറ്റാരോ തട്ടിയെടുക്കുന്നതിന്റെ വേദന.

കാലങ്ങളായി കാത്തുസൂക്ഷിച്ച മകന്റെ അധിപത്യം കവര്‍ച്ച ചെയ്യപ്പെട്ടതിന്റെ നൊമ്പരം.

സ്വന്തം സാമ്രാജ്യമായിരുന്ന അടുക്കള പോലും അന്യമാകുന്ന അവസ്ഥ.

പണ്ടെങ്ങോ മറ്റൊരാളില്‍ നിന്നും കവര്‍ന്നെടുത്ത വേദനയാണിതെന്ന തിരിച്ചറിവില്‍ അമ്മയുടെ വ്യക്തിത്വത്തില്‍ അറിയാതെ ഈര്‍ഷ്യ പടരുന്നു.

അമ്മ അങ്ങനെ അമ്മായിയമ്മയായി മാറുന്നു.

54 comments:

ഗുരുജി said...

ജനിച്ച നാള്‍ മുതല്‍ അവന്റെ ഉടുപ്പും നടപ്പും കഴിപ്പും ഉറക്കവുമൊക്കെ നിയന്ത്രിച്ചു പോന്നിരുന്ന ഒരു ഉടമസ്‌ഥാവകാശം പെട്ടെന്നൊരു ദിവസം ഹൈജാക്ക്‌ ചെയ്യപ്പെടുന്നതിന്റെ വേദന.

മകന്റെ മുറിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു ചെന്ന്‌ അവന്റെ അലസതയില്‍, അടുക്കും ചിട്ടയുമില്ലായ്‌മയില്‍ ആക്രോശിച്ചുപോന്ന അമ്മക്ക്‌ വിവാഹം കഴിയുന്നതോടെ മകന്റെ മുറി അപരന്റെ മുറിപോലെയാകുന്ന അവസ്ഥ.
--വീടെന്ന കൂട്ടിലെ കലപിലകള്‍ പറയാനൊരു ബ്ലോഗ്..

ഗുരുജി said...

...
ജനിച്ച നാള്‍ മുതല്‍ അവന്റെ ഉടുപ്പും നടപ്പും കഴിപ്പും ഉറക്കവുമൊക്കെ നിയന്ത്രിച്ചു പോന്നിരുന്ന ഒരു ഉടമസ്‌ഥാവകാശം പെട്ടെന്നൊരു ദിവസം ഹൈജാക്ക്‌ ചെയ്യപ്പെടുന്നതിന്റെ വേദന.

മകന്റെ മുറിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്നു ചെന്ന്‌ അവന്റെ അലസതയില്‍, അടുക്കും ചിട്ടയുമില്ലായ്‌മയില്‍ ആക്രോശിച്ചുപോന്ന അമ്മക്ക്‌ വിവാഹം കഴിയുന്നതോടെ മകന്റെ മുറി അപരന്റെ മുറിപോലെയാകുന്ന അവസ്ഥ.
--വീടെന്ന കൂട്ടിലെ കലപിലകള്‍ പറയാനൊരു ബ്ലോഗ്..

Unknown said...

പ്രിയ വിജയകൃഷ്ണന്‍ , വളരെ കാതലായ ഒരു വിഷയമാണ് ഇത് . ഇന്ന്, വഴിയില്‍ കളഞ്ഞ് കിട്ടിയ ഒരു മണിപേഴ്സ് എന്ന നിലയിലാണ് നവവധുക്കള്‍ ഭര്‍ത്താക്കന്മാരെ കാണുന്നത് . കാര്യങ്ങള്‍ ഈ രീതിയിലാണ് പോകുന്നതെങ്കില്‍ എന്തിനാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എന്ന് മനുഷ്യര്‍ ചിന്തിച്ചുപോകാവുന്ന കാലം വിദൂരമല്ല . മാനവികമൂല്യങ്ങള്‍ ഒന്നൊന്നായി വിസ്മൃതമാവുമ്പോള്‍ നഷ്ടമാവുന്നത് ജീവിതത്തിന്റെ അര്‍ത്ഥം മാത്രമല്ല ജീവിതം തന്നെയാണ് . എല്ലാവര്‍ക്കും പ്രായമാവും എന്ന് ആശ്വസിക്കാം . എന്ന് വെച്ച് വാര്‍ദ്ധക്യത്തിലെ പാഠം പഠിപ്പിന് മാത്രമായി ഒരു ആയുഷ്ക്കാലം പാഴാക്കണോ എന്നതായിരിക്കും നാളത്തെ മനുഷ്യര്‍ നേരിടുന്ന പ്രതിസന്ധി .

ഗുരുജി said...

സുകുമാരന്‍ സാര്‍,
അഭ്യസ്തവിദ്യയും മകനുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഒരു അമ്മയെ പരിചയപ്പെട്ടതിന്റെ വേദനയിലെഴുതിയതാണ്‌ . മകന്റെമേലുള്ള എല്ലാ നിയന്ത്രണങ്ങളും പെട്ടെന്നൊരു ദിവസം ഉപേക്ഷിക്കേണ്ടി വന്ന വേദന ആരോടെങ്കിലുമൊന്നുറക്കെ പറഞ്ഞാല്‍ അതില്‍ ആരൊക്കെയോ വേദനിക്കുമെന്നു കരുതി ഉരുകിനിന്ന ആ അമ്മയേപ്പോലെ എത്രയോ അമ്മമാര്‍ ഉണ്ടായിരിക്കുമെന്നോര്‍ത്തെഴുതിയതാണ്. നന്ദി. കൂടുതല്‍ പേര്‍ ശ്രദ്ധിക്കട്ടെ.

ഭൂമിപുത്രി said...

"ഇന്ന്, വഴിയില്‍ കളഞ്ഞ് കിട്ടിയ ഒരു മണിപേഴ്സ് എന്ന നിലയിലാണ് നവവധുക്കള്‍ ഭര്‍ത്താക്കന്മാരെ കാണുന്നത് . കാര്യങ്ങള്‍ ഈ രീതിയിലാണ് പോകുന്നതെങ്കില്‍ എന്തിനാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എന്ന് മനുഷ്യര്‍ ചിന്തിച്ചുപോകാവുന്ന കാലം വിദൂരമല്ല"
ഇങ്ങിനെയൊരു സാമാന്യവല്ക്കരണം ശരിയാണോ സുകുമാരന്‍ സറ്?
മകന്റെ സ്നേഹം ഉറച്ചതാണെങ്കില്‍ ‘വന്നപെണ്ണ്’പ്രതിസ്ഥാനത്ത്
നില്‍ക്കേണ്ടിവരില്ല.

ഗുരുജി said...

ഈ 'വന്ന പെണ്ണും' നാളെ അമ്മയായി മാറുമെന്ന ഒരു വിചാരമുണ്ടാകുന്നിടത്ത്‌ ഇത്തരം പ്രശ്നങ്ങളുണ്ടാകാറില്ല ഭൂമിപുത്രി. വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ചുവെച്ചിരിക്കുന്ന പ്രണയസങ്കല്പ്പങ്ങള്‍ ഒന്നോടെ പകുത്തുനല്‍കാന്‍ ഭര്‍ത്താവിനെ സ്വന്തമായി വേണമെന്ന വാശി കൂടുന്നിടങ്ങളില്‍ അമ്മയുടെ വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തെ പലരും മറന്നുപോകാറുമുണ്ട്. പിന്നെ മകന്‍ നന്നായിരുന്നാല്‍ മതി...വിവാഹത്തോടെ നീ അവളോടൊട്ടിച്ചേരുന്നു എന്ന ബൈബിള്‍ വചനം പാലിക്കുന്ന സത്പുത്രര്‍ക്കിടയില്‍ അനാഥമാകുന്ന അമ്മക്കത്ര വിലയുണ്ടാകാറില്ല...

ഭൂമിപുത്രി said...

രണ്ട് വശത്തും കാണാം ന്യായവും അന്യായവും.
ഇത് നമ്മുടെ നാട്ടിലെ സ്തീകളുടെ-
അമ്മായമ്മമാരുടെയും മരുമക്കളുടെയും-ഒരു പ്രധാന വൈകാരിക പ്രശ്നമാണ്‍.
ഈ ബൂലോകത്തീയൊരു വിഷയം ഇതുവരെ ആരും ചര്‍ച്ചയ്ക്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആലോചിയ്ജ്കാറുണ്ട്.

ഗുരുജി said...

ഒരിടത്ത്‌ ഇന്നോളമുള്ള അധികാരം ഒന്നാകെ കുത്തിയൊലിച്ചുപോയതിന്റെ ധര്‍മ്മസങ്കടം. ഒരിടത്ത് കാലങ്ങളായി കാത്തിരുന്ന ഒരു സങ്കല്പത്തിന്റെ സാക്ഷാത്‌കാരത്തിനായുള്ള ആവേശം. ഈ രണ്ടു മനോയാനങ്ങള്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷമാണ്‌ അമ്മായിയമ്മ മരുമകള്‍ ഉല്‍പ്പോരിന്റെ അടിസ്ഥാനം. ചെറുപ്പത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. "'അമ്മായിയമ്മ മരുമകള്‍ ഒന്നായി വരും കാലം , കാഞ്ഞിരോം കരിഞൊട്ടയും തേനായ്‌ വരുമെന്ന്""..കാലമിത്രയായെങ്കിലും അഭ്യസ്ത്യവിദ്യരെങ്കിലും ഈ പ്രതിഭാസം ഇന്നും തുടരുന്നു.........മക്കളെ ആശ്രയിക്കാത്ത, മക്കളാല്‍ സംരക്കിക്ഷപ്പെടാത്ത രക്ഷിതാക്കളുള്ള പാശ്ചത്യനാടുകളില്‍ പോലുമുണ്ടിത്‌..

_ said...

വാസ്തവം...

അങ്കിള്‍ said...

വന്നുകേറിയപെണ്ണീന്റെ സ്വഭാവം എങ്ങിനെയായാലും അമ്മയുടെ മാറ്റം ഈ പോസ്റ്റില്‍ പറഞ്ഞതു പോലെയായിരിക്കുമെന്നാണ് എന്റെ പക്ഷം. പക്ഷെ അത്തരത്തിലുള്ളൊരു മാറ്റം അച്ഛനിലുണ്ടാകില്ല.

അമ്മമാരില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ തലം അനുസരിച്ചായിരിക്കും പുതുപെണ്ണിന്റെ മനസ്സമാധാനം.

ആ മകന്‍ അമ്മയുടെയും ഭാര്യയുടേയും നടുവില്‍ നിന്ന്‌ ചിലയവസരങ്ങളില്‍ അനുഭവിക്കുന്ന മനോവേദന അനുഭവിച്ചവനു മാത്രമേ മനസ്സിലാകൂ. ആരെയെങ്കിലും തള്ളിപ്പറയാന്‍ പറ്റുമോ. അച്ചന്റെ മഹത്വം (ഇക്കാര്യത്തിലെങ്കിലും) അപ്പോഴാണ് മനസ്സിലാകുന്നത്‌. ഇക്കാര്യത്തില്‍ ഞാന്‍ ഒരച്ചനുമാണ്, മകനുമാണ്.

ഈ വിഷയം ആരും ഇതുവരെ ബ്ലോഗില്‍ കൊണ്ടു വന്നില്ലെന്നു തോന്നുന്നു. ചര്‍ച്ച ചെയ്യേണ്ട വിഷയം.

ഭൂമിപുത്രി said...

അങ്കിള്‍ പറഞ്ഞത് ഞാന്‍ പറയാന്‍ വിട്ടുപോയ ഒന്നാണ്‍-ഇടയില്‍ക്കിടന്ന് എരിപൊരികൊള്ളുന്ന പുരുഷനെ മറക്കരുത്.
വരട്ടെ കൂടുതല്‍ അഭിപ്രായങ്ങള്‍

ഗുരുജി said...

വളരെയേറെ ധര്‍മ്മസങ്കടത്തിലാകുന്ന പുരുഷന്‍മാരുണ്ട്. ആരെ തള്ളണം, ആരെ കൊള്ളണം, ആരാണ്‌ ശരി, ആരിലാണ്‌ തെറ്റ്‌, ഇതറിയാതെ കുഴയുന്ന മകന്റെ അവസ്ഥ വേദനാജനകം തന്നെ. അങ്കിള്‍ പറഞ്ഞതുപോലെ, അവിടെ അച്ഛന്റെ സാന്നിധ്യം വളരെ പ്രസക്തമാണ്‌. രണ്ടു തല ചേരും. നാലു മുല ചേരില്ലാ എന്ന പഴഞ്ചൊല്ല്‌ സ്ത്രീവിരുദ്ധമായി കണക്കാക്കേണ്ടതില്ല....അമ്മയും ഭാര്യയും മകന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരും വേണ്ടവരുമാണ്‌. ഇതിനാലാണ്‌ അവിടെ ഒരു മാത്‌സര്യബുദ്ധി ഉണ്ടാകുന്നത്‌..ഉപേക്ഷിക്കപ്പെടേണ്ടതാണോ തന്റെ അമ്മ എന്ന ഒരു തിരിച്ചറിവു ഓരോ മകനുമുണ്ടാകണം..ഒരു ആത്മപരിശോധനക്കു ഒരവസരം ഈ പോസ്റ്റിലൂടുണ്ടാകട്ടെ എന്നതു മാത്രമാണ്‌ എന്റെ ഉദ്ദേശശുദ്ധി...

Unknown said...
This comment has been removed by the author.
Unknown said...

അങ്കിളും ഭൂമിപുത്രിയും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് നന്നായി . ഇത് തുടങ്ങിവെച്ച വിജയകൃഷ്ണന്‍ അഭിനന്ദനമര്‍ഹിക്കുന്നു . ഇന്ന് നമ്മുടെ കുടുംബങ്ങളില്‍ നീറിപ്പുകയുന്ന ഒരു പ്രശ്നമാണിത് . കൂടുതല്‍ പേര്‍ വന്ന് ഈ ചര്‍ച്ച സമ്പുഷ്ടമാക്കണേ എന്നാണെന്റെ ആഗ്രഹം . ഇത്തരം ജീവിതഗന്ധിയായ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാവുമ്പോഴാണ് ബ്ലോഗിന്റെ സാധ്യതകള്‍ സഫലമാകുന്നത് .

ഞാന്‍ സാമാന്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയല്ല ഭൂമിപുത്രീ (ശരിയായ പേരില്‍ തന്നെ സംബോധന ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ് . ബ്ലോഗില്‍ സ്വന്തം പേരില്‍ തന്നെ ആളുകള്‍ അറിയപ്പെടാന്‍ എന്നെങ്കിലും തുനിഞ്ഞേക്കാംഎന്ന് തോന്നുന്നു) ഇന്ന് അണുകുടുംബങ്ങളില്‍ വളരുന്ന പെണ്‍‌കുട്ടികള്‍ക്ക് ശരിയായ ശിക്ഷണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല വളരെ pampered ആയിട്ട് കൂടിയാണ് വളര്‍ത്തപ്പെടുന്നത് . ടി വി സീരിയലുകളില്‍ നിന്നാണ് അവര്‍ ജീവിതത്തിന്റെ മാതൃകകള്‍ ഇന്ന് അഭ്യസിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല . ഇതൊക്കെ ഇന്ന് കുടുംബങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട് . ആരും ഒന്നും പുറത്ത് പറയുന്നില്ല എന്ന് മാത്രം . വിവാഹം കഴിഞ്ഞ് വരുന്ന പെണ്‍‌കുട്ടികള്‍ ഇപ്പോള്‍ ഭര്‍ത്തൃഗൃഹത്തില്‍ ഒരു വീട്ടുജോലിയും ചെയ്യുന്നില്ല . ഞാന്‍ എത്രയോ ആണ്‍‌മക്കള്‍ വിവാഹിതരായ അച്ഛന്മാരോട് ചോദിച്ചു , അവരൊക്കെ പറയുന്നു . ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ ആരും ഒന്നും ചെയ്യാറില്ലെന്ന് . അല്ലെങ്കില്‍ തന്നെ ഇക്കാലത്ത് വീട്ടില്‍ എന്ത് ജോലിയാണുള്ളത് . എന്നിട്ടും ! അപവാദങ്ങള്‍ ഉണ്ടാവാം എന്നാല്‍ മിക്കവാറും കുടുംബങ്ങളില്‍ ഇതാണ് ഇന്ന് സ്ഥിതി . കല്യാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേറെ താമസം മാറ്റുന്നു പലരും . വീട് മുന്നതായി നിര്‍മ്മിച്ച് കല്യാണത്തിനൊരുങ്ങുന്ന യുവാക്കളും ഇന്ന് വിരളമല്ല . എവിടെയൊക്കെയോ താളപ്പിഴകളുണ്ട് . ഗൃഹാന്തരീക്ഷങ്ങളില്‍ ഇന്ന് സ്നേഹവും പരസ്പരമുള്ള ആശയവിനിമയവും കുറഞ്ഞുവരുന്നു . കുട്ടികള്‍ക്ക് വേണ്ടതെല്ലാം ആവശ്യത്തിലധികം വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവര്‍ക്ക് മാനുഷീകമൂല്യങ്ങളോ മറ്റുള്ളവരുമായി പങ്ക് വയ്ക്കാനോ പഠിപ്പിക്കുന്നില്ല . സ്വന്തം അച്ഛനമ്മമാരെ പരിചരിക്കാനോ സഹോദരീസഹോദരന്മാരുമായി ഉള്ളത് പങ്ക് വെച്ച് മക്കള്‍ക്ക് മാതൃകയാവാനോ ഇന്ന് പലരും തയ്യാറാവുന്നില്ല. അങ്ങനെ അവര്‍ മക്കള്‍ക്ക് നല്‍കുന്ന സന്ദേശം നിങ്ങള്‍ വളരുമ്പോള്‍ നിങ്ങളുടെ ഭാര്യാമക്കളെ മാത്രം സംരക്ഷിച്ചാല്‍ മതിയെന്നാണ് . ഇന്ന് മിക്കവാറും വാര്‍ദ്ധക്യങ്ങള്‍ അനാഥമാണ് . സൌകര്യത്തിന് വേണ്ടി അണുകുടുംബസമ്പ്രദായം സ്വീകരിച്ചാലും ദൂരദേശങ്ങളില്‍ ജോലിക്ക് വേണ്ടി പോകേണ്ടി വന്നാലും പഴയ കൂട്ടുകുടുംബത്തിലെ പാരസ്പര്യവും സ്നേഹബന്ധങ്ങളും അന്വേഷണങ്ങളും തുടങ്ങിയ നല്ല മൂല്യങ്ങള്‍ ഉപേക്ഷിക്കണമായിരുന്നോ . സമയമില്ല എന്ന ഒഴികഴിവാണ് പലരും പറയുക എന്നാല്‍ അതിനുള്ള മനസ്സില്ല എന്നതാണ് നേര് . നമ്മള്‍ക്ക് രണ്ട് മക്കളുണ്ടെങ്കില്‍ നാമവരെ ലാളിച്ച് വളര്‍ത്തുന്നു . വളര്‍ന്നാലോ സ്വാര്‍ത്ഥത നിമിത്തം അവര്‍ തല്ലിപ്പിരിയുന്നത് ,ഉള്ള സ്വത്തിന് വേണ്ടി അത് ഇത്തിരിയാലും ഒത്തിരിയായാലും അടിപിടി കൂടുന്നത് കാ‍ണേണ്ടി വരുന്നില്ലേ. ഞാന്‍ സമൂഹത്തില്‍ ഇന്ന് പൊതുവായി കണ്ടു വരുന്ന പ്രവണത പറയുന്നു എന്നേയുള്ളൂ . എല്ലാ കുടുംബത്തിലും ഇങ്ങനെയാണ് എന്നല്ല . ഇതൊക്കെ നമ്മള്‍ ചര്‍ച്ച ചെയ്യണം . നഷ്ടപ്പെട്ട കുടുംബമൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ നാം ശ്രമിക്കണം . ഇത് തര്‍ക്കിച്ച് സ്ഥാപിക്കേണ്ട വിഷയമല്ല . ഇത്തരം വ്യതിയാനങ്ങള്‍ നമ്മുടെ മന:സമാധാനത്തെയും സംതൃപ്തിയെയും സന്തോഷത്തെയും വലിയ തോതില്‍ അപഹരിക്കുന്നുണ്ട് .

ഞാ‍ന്‍ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വരാം . നാളെ തൃശൂര്‍ക്ക് പുറപ്പെടണം . അവിടെ ഞായറാഴ്ച ബ്ലോഗ് ശില്പശാല നടക്കുന്നു .
ചര്‍ച്ച തുടരുമല്ലോ ...!

ഭൂമിപുത്രി said...

എന്നെ ജയശ്രീ എന്ന് വിളിയ്ക്കാം സറ്.
സ്വയം പേരിടാന്‍ കിട്ടിയ ഒരസുലഭാവസരം കളയാന്‍ തോന്നില്ല്ല..മാത്രമല്ല എന്റെതൊരു വെറും സാധാരണ പേരും.

സറ്,ഒരു കാലത്തിന്റെ നെറിവും നെറിവുകേടും,പെണ്‍കുട്ടികളെയും ആങ്കുട്ടികളേയും ഒരുപോലെയാണ്‍ ബാധിയ്ക്കുക,അല്ലെ?
സാറിനെപ്പോലെ യുക്തിപൂറ്വ്വം ചിന്തിയ്ക്കുന്ന ഒരാളുടെ ഇവിടുത്തെ ചില അഭിപ്രായങ്ങള്‍..എന്തോ..ചേരാത്തതുപോലെ!
കഴിഞ്ഞ ഒരു 50 കൊല്ലമെടുത്താല്‍,
ഈ അവസാനത്തെ10-15 കൊല്ലങ്ങളിലാണെന്നു തോന്നുന്നു,
വിദ്യാഭ്യാസപരമായും ഔദ്യോഗികമായും ഏറ്റവുമധികം മുന്നേറ്റം പെണ്‍കുട്ടികള്‍ക്കിടയില്‍
ഉണ്ടായിട്ടുള്ളതു.
പുരുഷനൊപ്പം വീട്ടിനുപുറത്തിറങ്ങി കുടുംബത്തിന്റെ സാമ്പത്തികഭാരം പങ്കിടുന്ന സ്ത്രീയ്ക്ക്,അതിനൊപ്പമൊരു പങ്കിടല്‍ പുരുഷന്റെ വശത്തുനിന്നും ഗൃഹഭരണത്തിലുണ്ടാകുന്നുണ്ടോ?‍

അണുകുടുംബങ്ങളില്‍ വളരുന്ന എല്ലാകുട്ടികളും
‘സ്പ്പോയില്‍റ്റ്’ആകാനുള്ള സാദ്ധ്യത കൂടുതലാണ്‍.അതില്‍ ആണ്‍-പെണ്‍ ഭേദമില്ല.

‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍...’എന്നു തുടങ്ങുന്ന പരാതികള്‍ ധാരാളം കേള്‍ക്കാറുണ്ട്.
അപ്പോഴൊക്കെ മനസ്സില്‍ കുറെ
ചോദ്യങ്ങളുയരാറുണ്ട്.അതിലൊന്നു
മാത്രമാണിതു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹൊ. ഇവടെ എത്താനിച്ചിരി വൈകി.

വിവാഹശേഷം പെണ്മക്കള്‍ക്ക് സംഭവിക്കുന്നത് എന്നൊര്രു ആര്‍ട്ടിക്കിലെഴൂതുക്കൊണ്ടിരിക്കുകായാണ് ഞാന്‍... അതിനിടേല്‍ ഇതു കണ്ടത് നന്നായി.

വിവാഹം കഴിയുന്നതോടെ, എല്ലാ അവകാശങ്ങളും അതേപടി അമ്മമ്മാര്‍ തന്നെ ചെയ്തോട്ടെ.അതായത്, മകന്റെ വസ്ത്രങ്ങള്‍ അലക്കുക, അയേണ്‍ ചെയ്യുക, ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക തുടങ്ങിയവ... അപ്പോ പ്രശ്നം തീരുമെങ്കില്‍. അവളുണ്ടായിട്ടും എല്ലാം ഞാന്‍ തന്നെ ചെയ്യണമെന്നു പറയുന്ന അമ്മായിആമ്മമ്മാരാണ് ഭൂരിപക്ഷവും എന്നോര്‍ക്കുക.

വിവാഹം കഴിയുന്നതോടേ അമ്മയുടെ മനോനിലയില്‍ മാറ്റം വരേണ്ട കാര്യമെന്താണ്?അത് മരുമകളെ അന്യയായി കാണുന്നതിന്റെ കുഴപ്പമല്ലേ?

കെ. പി.എസ്,

“ഇന്ന്, വഴിയില്‍ കളഞ്ഞ് കിട്ടിയ ഒരു മണിപേഴ്സ് എന്ന നിലയിലാണ് നവവധുക്കള്‍ ഭര്‍ത്താക്കന്മാരെ കാണുന്നത്“

ഈ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല. ഈ പറഞ്ഞ ഇന്നിന്റെ സന്തതിയാണ് ഞാനും.പക്ഷേ അങ്ങനെ കരുതുന്നില്ല, കരുതുകയുമില്ല.

ഭക്ഷണം പാകം ചെയ്യാനും വസ്ത്രം അലക്കനുമുള്ള ഉപാധിയായി ഭാര്യമാരെ കാണുന്ന നവവരന്മാരെപ്പറ്റി അങ്ങേയ്ക്കൊന്നും പറയാനില്ലേ?

വളര്‍ന്നുവരുന്ന തലമുറയില്‍ ആണിനും പെണ്ണിനും ഒരേ ചുറ്റുപാടാണ് ഉള്ളത്.

നന്ദ said...

‘മണിപ്പേഴ്സ്’ പരാമര്‍ശം കണ്ട് എത്തിയതാണിവിടെ.. വിദേശത്ത് ജോലിയായി താമസിക്കുന്ന ചില സുഹൃത്തുക്കള്‍ പറയുന്നത് കേട്ടിരിക്കുന്നു; ‘ഹോ, തനിച്ച് വെച്ചുണ്ടാക്കി കഴിച്ച് മടുത്തു.. കല്യാണം എത്രയും പെട്ടെന്ന് വേണം.. എനിക്കായി ചോറും കറിയും രുചിയോടെ അവള് വെച്ചു തരുമല്ലോ“ എന്ന്.. അപ്പോള്‍ ഇവരുടെ കാറ്റഗറി ഏതു വകുപ്പില്‍ വരും? നല്ല ഒരു കുക്കിനെ കിട്ടിയ നവവരന്മാര്‍, അങ്ങിനെയാണോ?
(ഇനി പോസ്റ്റിനെപ്പറ്റി: അമ്മായിയമ്മപ്പോരു വരുന്ന വഴി എന്നല്ലേ പറഞ്ഞു വന്നത്?)

ഗുരുജി said...

ഭൂമിപുത്രി, പ്രിയാ, നിങ്ങളോടെനിക്കു യോജിപ്പു മാത്രമേ ഉള്ളൂ. നമ്മള്‍ അമ്മയുടെ മാനസികാവസ്ഥയെക്കുറിച്ചായിരുന്നുവല്ലോ പറഞ്ഞുവന്നത്‌. ഇപ്പോള്‍ വിഷയം കുടുംബജീവിതത്തില്‍ ആണ്‍പെണ്‍ കൂട്ടുത്തരവാദിത്തത്തിലേക്കു തിരിഞ്ഞതുകൊണ്ട് പറയുകയാണ്‌. 'ഇന്നത്തെ പെണ്‍കുട്ടികള്‍ ' ആണ്കുട്ടികള്‍ക്കൊപ്പം, അതേ അളവില്‍ അദ്ധ്വാനിക്കുന്നവര്‍ തന്നെ. എന്നാല്‍ ഗൃഹഭരണത്തില്‍(അടുക്കളയില്‍) ആണുങ്ങളുടെ ഒരു ഇടപെടല്‍ കുറവാണു താനും. ആണുങ്ങള്‍ അടുക്കളയില്‍ കയറിയാലെ സ്ത്രീക്കു പുരുഷനോടൊപ്പം സമത്വം കിട്ടൂ എന്ന്‌ ഒരിക്കല്‍ ഒരു ഫെമിനിസ്റ്റ് ടി.വി. റ്റോക്ക് ഷോയില്‍ പറയുന്നതു കേട്ടു. സ്വന്തം ഭര്‍ത്താവു മീന്‍ വെട്ടുന്നതും, തുണി അലക്കുന്നതും കുട്ടികളെ കുളിപ്പിക്കുന്നതും കാണുന്നതാണ്‌ ഈ ഫെമിനിസ്റ്റിന്റെ മനസ്സിലെ സ്ത്രീ പുരുഷ സമത്വം.

സ്വന്തം ഭര്‍ത്താവിനെ ആ ഒരു രൂപത്തില്‍ കാണാന്‍ എത്ര പെണ്കുട്ടികള്‍ക്കു കഴിയും? സ്വന്തം ഭര്‍ത്താവിനെ ആ ഒരു രൂപത്തില്‍ കാണാന്‍ എത്ര പെണ്കുട്ടികള്‍ക്കു കഴിയും? എല്ലാ പെണ്‍കുട്ടികളും സ്വന്തം ഭര്‍ത്താവ്‌ 'മാച്ചോ' ആയിരിക്കണമെന്നല്ലേ പ്രതീക്ഷിക്കുന്നത്‌? അപ്പോഴോ?

ഒരു സ്ത്രീക്കു വേണ്ടതു സ്‌നേഹമോ അതോ സമത്വമോ?. ഭാര്യയെ സ്‌നേഹിക്കുന്ന ഏതു പുരുഷനാണ്‌ അവളുടെ കാര്യങ്ങളില്‍ ഒരു കൈ സഹായിക്കതിരിക്കുന്നത്‌? സ്‌നേഹം എന്നത്‌ മറ്റൊരാള്‍ക്കു വേണ്ടി നമ്മുടെ സ്വാര്‍ത്ഥതയെ ഉപേക്ഷിക്കലല്ലേ? അപ്പോള്‍ ഭര്‍ത്താവിനുവേണ്ടി സ്വന്തം സ്വാര്‍ത്ഥതയെ ഉപേക്ഷിക്കുന്ന ഒരു രീതിയില്‍ ഭാര്യമാര്‍ നിലനിന്നുപോന്നതുകൊണ്ടല്ലേ ലോകത്തെങ്ങുമില്ലാത്ത വിധം ഭാരത്ത്തില്‍ കുടുംബബന്ധങ്ങള്‍ ഇത്ര തീവ്രമായി ഇന്നും നിലനില്‍ക്കുന്നത്‌. ത്യാഗബുദ്ധി നമ്മുടെ സംസ്കാരമല്ലേ?

ഇത്തരം ആണ്‍പെണ്‍ സമത്വം ഏറെയുള്ളത്‌ അമേരിക്കയിലാണ്‌. അമേരിക്കയില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ നമ്മുടേതു മാതിരി ഒരു ആത്മബന്ധമില്ല. കാരണം ഇന്നത്തെ ഭാര്യ നാളത്തെ ഭാര്യയല്ല. ഇന്നത്തെ ഭര്‍ത്താവ്‌ നാളത്തെ ഭര്‍ത്താവുമല്ല.

ഭര്‍ത്താവ്‌ ഇന്നു രാവിലെ ബ്രേക്‌ഫാസ്റ്റ് ഉണ്ടാക്കിയാല്‍ നാളെ ഭാര്യ ഉണ്ടക്കിയിരിക്കണം. ഭാര്യ ഈ ആഴ്ച തുണി അലക്കിയാല്‍ അടുത്ത ആഴ്ച ഭര്‍ത്താവ്‌ അലക്കിയിരിക്കണം. അമേരിക്കക്കയില്‍ എല്ലാമുണ്ട്, കുടുംബബന്ധമില്ല എന്നു പറയുന്നതിന്റെ പ്രധാന കാരണം ഭാര്യാഭര്‍ത്താക്കന്‍മാരുടെയിടയിലെ ഈ കിടമത്സരമാണ്‌. ഇതിന്റെ പരിണതഫലമോ, അമേരിക്കന്‍ ആണുങ്ങള്‍ വളരെ സബ്‌മിസ്സീവ്‌ ആയിട്ടുള്ള ഫിലിപ്പിനോ, കൊറിയ, തായ്‌ലന്റ്‌ തുടങ്ങിയ ഏഷ്യന്‍ രാജ്യത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചു 'ഒരു പുരുഷന്‍' എന്ന തോന്നലില്‍ ജീവിക്കുന്നു. (വളരെയേറെ അമേരിക്കന്‍ സുഹൃത്തുക്കളോട് സംസാരിച്ചതിലൂടെ നേടിയ അറിവാണിത്‌)
ഇത്തരം പിടിവാശികളിലൂടെ അവര്‍ നഷ്ടപ്പെടുത്തിയത്‌ നമ്മള്‍ അനുകരിക്കണോ? സ്‌നേഹത്തിനു മുന്നില്‍ സമത്വത്തിനു എന്താണു പ്രാധാന്യം? ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി സ്വന്തം സ്വത്വത്തെ പാര്‍ശ്വവത്കരിച്ചു മാറ്റി മാറ്റിനിര്‍ത്തുന്നതല്ലേ ഈ സ്‌നേഹം എന്നു പറയുന്നതു തന്നെ.

അങ്കിള്‍ said...

അമ്മയ്ക്ക്‌ മകനോടുള്ള സ്നേഹം അതേ രൂപത്തിലും ഭാവത്തിലും മകന്റെ കല്യാണത്തിനു ശേഷവും നിലനിര്‍ത്താന്‍ കഴിയാഞ്ഞതു കൊണ്ടുണ്ടാകുന്ന പിരിമുറുക്കം മിക്കവാറും എല്ലാ കുടുമ്പങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്.(എന്റേതടക്കം). എന്നാല്‍ അത്തരത്തിലുള്ള ഒരു പിരിമുറുക്കം സ്വന്തം മകളുടെ കാര്യത്തില്‍ കാണാറില്ല എന്നുള്ളത്‌ ശ്രദ്ധിച്ചിട്ടില്ലേ. കല്യാണത്തിനു മുന്നേവരെ ആ അമ്മ തന്റെ മകനേയും മകളേയും ഒരേപോലെയല്ലേ സ്നേഹിച്ചിരുന്നത്‌?. അപ്പോള്‍ എന്തേ ഈ പിരിമുറുക്കത്തിനു വിത്യാസം. അലോചിച്ചാല്‍ എനിക്കു കിട്ടുന്ന ഉത്തരം ഇതാണ്: മകള്‍ അമ്മയില്‍ നിന്നും മാറി താമസിക്കുന്നു. ആ മകള്‍ ഒരമ്മയില്‍ നിന്നും മാറി വേറൊരമ്മയുടെ (അമ്മായിഅമ്മ) അടുത്തെത്തുന്നു. പിരിമുറുക്കം ആ കുടുമ്പത്തില്‍ തുടങ്ങുന്നു. എന്നാല്‍ അമ്മായി അമ്മയുടെ അടുത്തുനിന്നു പല ജനുവിന്‍ കാരണങ്ങളാല്‍ പ്രത്യേകം മാറി ഭര്‍ത്തവുമൊത്ത്‌ താമസിക്കേണ്ടി വരുന്നവരുടെ കാര്യമെടുത്തു നോക്കൂ. ആ മകന്റെ കുടുമ്പത്തിലും, ആ മകളുടെ കുടുമ്പത്തിലും ഇക്കാരണത്താല്‍ പിരിമുറുക്കമുണ്ടാകുന്നില്ല. രണ്ടു പേരുടേയും അച്ഛനമ്മമാര്‍ മരുമക്കളെ സ്നേഹത്തോടെ അംഗീകരിക്കുന്നു.

ഭര്‍ത്തവിനോടൊപ്പമോ അല്ലാതയോ ഭര്‍ത്തവിന്റെ കുടുമ്പത്തില്‍ താമസിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്കാണ് (എല്ലാപേര്‍ക്കുമല്ല)ഇത്തരത്തിലുള്ള പ്രസ്നങ്ങളെ കൂടുതലും അഭിമുഖീകരിക്കേണ്ടി വരുന്നത്‌. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രവണത.

ഇക്കാര്യത്തില്‍ ഞാന്‍ മറ്റൊരടിക്കുള്ള സ്കോപ്പ്‌ ഇവിടുണ്ടാക്കുകയാണ്. കാരണം ഇതാണ്: നിവൃത്തിയുണ്ടെങ്കില്‍ (ഇതിന്റെ അര്‍ത്ഥവ്യാപ്തി വലുതാണ്) പുരുഷന്‍ വിവാഹം കഴിഞ്ഞ്‌ കുറച്ചു കാലത്തിനു ശേഷം പ്രത്യേകം മാറി ഭാര്യയുമൊത്ത്‌ താമസിക്കുക, രണ്ടുപേരുടെയും അച്ഛനമ്മമാരുമായും പൂര്‍വ്വാധികം സ്നേഹ ബന്ധം സ്ഥാപിച്ചു കൊണ്ടു തന്നെ. ഭാര്‍ത്തവിന്റെ അമ്മക്ക്‌ സഹിക്കുന്നതിനപ്പുറമാണിത്‌. മേലില്‍ ഈ വീട്ടില്‍ കയറരുതെന്നു വരെ അമ്മ ആജ്ഞാപിച്ചേക്കാം. ഒരു ചെവിയില്‍ കുടി കേട്ട് മറ്റേ ചെവിയില്‍ കുടി അതും അതിനപ്പുറവും അമ്മയില്‍ നിന്ന്‌ കേള്‍ക്കുന്നത്‌ കളഞ്ഞേക്കണം. അച്ഛന്‍ ഒരിക്കലും അത്തരം വാചകങ്ങളുമായി വരില്ല, മനസ്സില്‍ പ്രയാസം കാണുമെങ്കിലും. ആ പുരുഷനായ ഭര്‍ത്താവ്‌ മനസ്സു വച്ചാല്‍ സ്വന്തം ഭാര്യയുടെ സപ്പോര്‍ട്ടു കൂടെ ഉണ്ടെങ്കില്‍ തീര്‍ച്ചയായിം വളരെ പെട്ടന്നു തന്നെ അമ്മയുടെ സ്നേഷം വീണ്ടെടുക്കാം, മാറി താമസ്സിച്ചുകൊണ്ടുതന്നെ. സമയം കിട്ടുമ്പോഴെല്ലാം അച്ഛനമ്മമാരെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തണം, അമ്മയുടെ ശകാരം കേട്ടുകൊണ്ട്‌ മിണ്ടാതിരിക്കാന്‍ മനസ്സുണ്ടാകണം. വളരെ പെട്ടന്നു നിങ്ങളെല്ലാം നോര്‍മ്മലാകും. - ശേഷം അടുത്തതില്‍

ഗുരുജി said...

സുകുമാരന്‍ സര്‍, അങ്കിള്‍, ബ്ലോഗ് ശില്പ്പശാലക്കു എല്ലാ ഭാവുകങ്ങളും നേരുന്നു.

ഗുരുജി said...

നന്ദ..കമന്റിനു നന്ദി
ഇന്നത്തെ പേണ്‍കുട്ടികള്‍ എന്നു തന്നെ പറഞ്ഞു തുടങ്ങട്ടെ. അവര്‍ തൊഴില്‍ മേഖലകളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെയുണ്ട്‌. അതുകൊണ്ടു തന്നെ അവരുടെ സ്വാതന്ത്ര്യബോധവും ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ. അതു മനസ്സിലാക്കാതെ ആണ്‍കുട്ടികള്‍ മാറാന്‍ വിസമ്മതിക്കുന്നതില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളാകാം ഇനി വരും തലമുറ നെരിടാന്‍ പോകുന്ന കുടുംബപരമായ വെല്ലുവിളികള്‍. "എന്റെ ഭാര്യയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം, അല്ലെങ്കില്‍ അവളുടെ സാമീപ്യത്തിന്റെ ഒരു ആശ്വാസം ' എന്നൊന്നും ഇനി വരും തലമുറക്കു പറയാന്‍ പാകത്തില്‍ ഭാര്യമാരുണ്ടാകുമോ എന്നും സംശയം തന്നെ. ഭാര്യയുടെ ശരീരം പോലും ഭര്‍ത്താവിന്റെ സ്വകാര്യതയല്ലാ എന്നുള്ള ചില ടി. വി. സീരിയല്‍ കാഴ്ചകളും , വിവാഹപൂര്‍വ്വ ബന്ധത്തെ ന്യായീകരിക്കുന്ന സെലിബ്രിറ്റികളുടെ മുറവിളികളും കേട്ടും കണ്ടും വളരുന്ന തലമുറയോട് ഒരു ഭര്‍ത്താവിനു അധികാരേണ എന്താണ്‌ ആവശ്യപ്പെടാനുള്ളത്‌? ആണ്‍കുട്ടികള്‍ ഒരുപാട്‌ മാറേണ്ടിയിരിക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവാഹശേഷം മകനെ അമ്മയ്ക്ക് നഷ്ടപ്പെടുന്നു എന്നതല്ലേ ചര്‍ച്ച.

മകന്‍ ഭാര്യയാക്കിക്കൊണ്ടുവരുന്ന പെണ്ണിനെ മകളായി കാണാനുള്ള മനസ്സ് ഉണ്ടാവണം ആദ്യം, അതിലുപരി സ്വന്തം വീട്ടുകാരെയെല്ലാം വിട്ടിട്ട്വരുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സ് അറിയാനും ശ്രമിക്കണം...

മെലോഡിയസ് said...

ഇതൊക്കെ വായിച്ച് ഞാന്‍ പറയാം എന്ന് വിചാരിച്ച് വന്ന കാര്യം ഗുരുജി പറഞ്ഞ് വെച്ചേക്കുന്നു. വന്ന് കയറിയ പെണ്ണും ഒരിക്കല്‍ അമ്മായി അമ്മ ആകും.അവനവന്‍ ചെയ്യേണ്ട കടമകള്‍ കൃത്യമായി അങ്ങ് ചെയ്താല്‍ ഇതൊന്നും വരില്ലാല്ലോ? അമ്മ അമ്മായി ആകാതെ അമ്മയായും വന്ന് കയറിയവള്‍ മരുമകള്‍ ആകാതെ മകളായും നിന്നാല്‍ പിന്നെയും വല്ല പ്രശ്നം വരുമോ?? എനിക്ക് തോന്നിയത് ഇതാണ്

Unknown said...

this is an eternal problem without solution.bcause woman is the enemy of woman

പ്രിയ said...

ഇതിനുള്ള മറുപടി സത്യത്തില്‍ ഒരു മകനും മകളും ഉള്ള അമ്മയോട് ചോദിക്കുക. ആ അമ്മ സ്വന്തം മകള്‍ക്ക്‌ ഭര്‍ത്താവിന്റെ അടുത്ത് (ഭര്ത്താഗൃഹത്തില്) കിട്ടാന്‍ ആഗ്രഹിക്കുന്ന സ്ഥാനം എന്തെന്നു ചോദിക്കുക. എന്നിട്ട് സ്വന്തം മകന്റെ ഭാര്യക്ക് മകന്‍ നല്‍കേണ്ട സ്ഥാനം എന്തെന്നു അന്യോഷിക്കുക.

അവരെക്കാള്‍ ആ മനോഭാവത്തില്‍ കൂടുതല്‍ നല്ല ഉത്തരം ആര് തരും?

അമ്മയെ മറന്നു സ്വന്തം കാര്യം നോക്കുന്ന ആണ്മക്കളെ ഞാന്‍ ഒരിക്കലും ന്യായികരിക്കില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ തള്ളിപ്പറയുന്ന അമ്മയിയമ്മമാരെയും.

Anonymous said...

നേരത്തെ കണ്ടു, കമന്റിടാത്തതിനു കാരണം ഗുരുജി പറഞ്ഞതില്‍ ശരിയുള്ളത് കൊണ്ടായിരുന്നു. ഇപ്പൊ എല്ലാവരും കൂടോടെ വന്നതു കൊണ്ട് ഇനി പറയാതെ പോകുന്നതു അത്ര ശരിയായ എര്‍പ്പാടല്ല...;)

1. മണിപേഴ്സ്: പറഞ്ഞതു സത്യം,

2. അമ്മമ്മാരിലുണ്ടാകുന്ന മാറ്റം അനുസരിച്ചായിരിക്കും പുതുപെണ്ണിന്റെ മനസമാധാനം. അതു പോലെ തിര്‍ച്ചും വന്നു കേറിയ പെണ്ണിന്റെ പെരുമാറ്റം അനുസരിച്ചായിരുക്കും ആ കൂടുംബത്തിന്റെ തന്നെ മുഴുവന്‍ മനസമാധാനം.

3. ഹൈജാക്ക് ചെയ്യപ്പെടുന്നതിന്റെ വേദന: അത് “വന്നു കേറിയ “ പെണ്ണ് അറിയണമെങ്കില്‍ അവളും അതെ അവസ്ഥയിലാകണം ഒരിക്കല്‍, അപ്പോള്‍ മനസ്സിലാകും ഹൈജാക്കു ചെയ്യുന്നതിന്റെ വേദന.

4. “ഭക്ഷണം പാകം ചെയ്യാനും വസ്ത്രം അലക്കനുമുള്ള ഉപാധിയായി ഭാര്യമാരെ കാണുന്ന നവവരന്മാരെപ്പറ്റി അങ്ങേയ്ക്കൊന്നും പറയാനില്ലേ?“-വന്നു കേറി ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മനസമാധാനം കെടുത്തുന്ന ഫാര്യമാരെപറ്റി എന്തു പറയുന്ന്നു..കുറച്ചു നാള്‍ മിണ്ടാതെ നടന്നിട്ടു, അവസാനം മൊത്തത്തില്‍ ഹൈജാക്ക് ചെയ്തു കൊണ്ട് പോയി വളര്‍ത്തി വലുതാക്കിയ അമ്മക്കും അഛനും എന്തെലും കൊടുത്താല്‍ പോലും ഭര്‍ത്താവിനെ കിടന്നു പൊറുക്കാന്‍ അനുവദിക്കാത്ത “സല്‍‌സ്വഭാവികളായ ഫാര്യ” മാര്‍

5. “മകന്‍ ഭാര്യയാക്കിക്കൊണ്ടുവരുന്ന പെണ്ണിനെ മകളായി കാണാനുള്ള മനസ്സ് ഉണ്ടാവണം ആദ്യം, അതിലുപരി സ്വന്തം വീട്ടുകാരെയെല്ലാം വിട്ടിട്ട്വരുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സ് അറിയാനും ശ്രമിക്കണം“- അമ്മായിയമ്മയെ സ്വന്തം അമ്മയായി കാണാനുള്ള മനസ്സു കൂടി ഉണ്ടാകണം. അതില്ലാത്ത മരുമകളുമാരു തന്നെയാണ് ഇന്നത്തെ കുടുംബത്തിന്റെ ശാപം. എന്തെലും അമ്മായിയമ്മ പറഞ്ഞു പോയാല്‍ അതുടനെ പീഡനമാക്കി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുന്ന ഭാര്യമാരെ പ്രത്യേകം സൂക്ഷിക്കുക.


“ആണുങ്ങള്‍ അടുക്കളയില്‍ കയറിയാലെ സ്ത്രീക്കു പുരുഷനോടൊപ്പം സമത്വം കിട്ടൂ എന്ന്‌ ഒരിക്കല്‍ ഒരു ഫെമിനിസ്റ്റ് ടി.വി. റ്റോക്ക് ഷോയില്‍ പറയുന്നതു കേട്ടൂ“

സത്യമായിരിക്കും, ഇതൊക്കെ ഇതും പറയും ഇതിന്റെ അപ്പുറവും പറയും, സമത്വം വന്നു വന്നു നാളെ ആദ്യത്തെ കുട്ടിയെ ഞാന്‍ പ്രസവിച്ചില്ലെ , ഇനി രണ്ടാമത്തെ കുട്ടിയെ കെട്ടിയവന്‍ പ്രസവിക്കട്ടേ എന്നും പറയും ഇതൊക്കെ..;)

അങ്കിള്‍ said...

ചര്‍ച്ച വിഷയത്തില്‍ നിന്നും കുറേശ്ശെ മാറിപ്പോക്കുന്നോ എന്നൊരു സംശയം. ഇവിടെത്തെ വിഷയം മകന്റെ വിവാഹത്തോടെ അമ്മയ്ക്കുണ്ടാകുന്ന മനോവിത്യാസമാണ്. അതായത്‌ അമ്മയും മകനുമാണ് പ്രധാനമായും ചര്‍ച്ചക്ക്‌ വിഷയമാക്കേണ്ടത്‌. അമ്മായിഅമ്മ-മരുമകള്‍ പ്രശനം നമ്മള്‍ ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിലോട്ട് ഇപ്പോള്‍ പോയാല്‍ കാടു കയറും. എന്നാള്‍ ഈ പോസ്റ്റിലെ വിഷയം - അമ്മയും-മകനും- അധികം ചര്‍ച്ചയ്ക്ക്‌ വിധേയമായിട്ടില്ല. ചര്‍ച്ച ഇതില്‍ അധികരിച്ചെങ്കില്‍ നന്നായേനേ. മരുമകളെ മാറ്റി നിര്‍ത്താന്‍ പ്രയാസമാണ്. എന്നാലും ഒന്നു ശ്രമിച്ചു നോക്കാം.

സജി said...

ഉടുപ്പും നടപ്പും, കഴിപ്പും ഒക്കെ വെറും ബാഹ്യമായ കാര്യങ്ങള്‍..അത് വച്ചൊഴിയാന്‍ പ്രായോഗമതിയായ ഒരമ്മക്കു കഴിയും, ശീലിക്കും.

പക്ഷേ, ഒരു മകന്റെ ഹൃദയത്തില്‍ അമ്മക്കു മാത്രം സംവേദിക്കാന്‍ കഴിയുന്ന ചില ഇടങ്ങളുണ്ട്.. അവിടെ നിന്ന അമ്മെയെ പുറത്താക്കാനോ,അവിടേക്ക് കയറിചെല്ലാന്‍ ഒരു മരുമകള്‍ക്കോ കഴിയില്ല.

siva // ശിവ said...

വനിതാലോകം ഏറ്റെടുക്കേണ്ട ചര്‍ച്ച എന്നു പറഞ്ഞിട്ട് പുരുഷന്മാരാ‍ാണല്ലോ ചര്‍ച്ച ഏറ്റെടുത്തിരിക്കുന്നത്.

ബ്ലോഗ് പോസ്റ്റും കമ്മന്റുകളും വായിച്ചു. പോസ്റ്റില്‍ പറഞിരിക്കുന്നത് മകന്റെ വിവാഹശേഷം അമ്മയ്ക്ക് മകനില്‍ നിന്ന് നഷ്ടമാകുന്ന സ്വാതന്ത്ര്യത്തെയും അതൊക്കെ അന്യമാകുമ്പോള്‍ അമ്മയില്‍ ഉണ്ടാകുന്ന മാനസിക വൈകാരിക പ്രശ്നങ്ങളെക്കുറിച്ചുമാണ്.

എന്നാല്‍ ഇവിടെ മരുമകള്‍, സമത്വം, എന്നിവയെക്കുറിച്ചാണല്ലോ അധികം പേരും ചര്‍ച്ച ചെയ്തിരിക്കുന്നത്. അല്ലാതെ ഈ മാനസിക വൈകാരിക പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചല്ലല്ലോ!

അമ്മയ്ക്ക് മാത്രമല്ലല്ലോ ഈ മാനസിക വൈകാരിക പ്രശ്നം ഉണ്ടാവുന്നത്.

അമ്മയ്ക്ക് മകന്‍ പഴയ അതേ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് കരുതുക. അപ്പോള്‍ എന്തായാലും വന്നുകയറിയ പെണ്‍കുട്ടിയുടെ (മരുമകള്‍) അവസ്ഥ എന്താവും. അവള്‍ക്കും ഭര്‍ത്താവിനെക്കുറിച്ചും താന്‍ ഭര്‍ത്താവിന് എന്ത് ആയിരിക്കണമെന്നും സങ്കല്പങ്ങള്‍ ഉണ്ടായിരിക്കുമല്ലോ. അത് നഷ്ടപ്പെടുമ്പോള്‍ അവള്‍ക്കും ഉണ്ടാവില്ലേ വൈകാരിക പ്രശ്നം.

ഇനി മകന്റെ കാര്യം. അമ്മയുടെയും ഭാര്യയുടെയും ഈ വൈകാരിക പ്രശ്നം അവന്റെ ജീവിതത്തെ വളരെ വൈഷമ്യത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല. മാത്രവുമല്ല ഞാന്‍ വിവാഹിതനുമല്ല. ആയതിനാല്‍ ഈ വൈകാരിക പ്രശ്നം സ്വന്തം ജീവിതത്തില്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്ത ഒരുപാട് ആളുകള്‍ ഇവിടെ ഈ ബൂലോഗത്ത് ഉണ്ടാവാം. അവര്‍ ഇതിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കട്ടെ.

NB: ദയവായി എല്ലാ ചര്‍ച്ചകളെയുംയും പോലെ ഈ നല്ല വിഷയത്തെയും അനാവശ്യതലങ്ങളില്‍ കൊണ്ടുചെന്ന്‌ എത്തിക്കാതിരിക്കുക.


[ചര്‍ച്ച മുന്നോട്ട് പോട്ടെ...ഇനിയും വരാം...]

ഗുരുജി said...

ചര്‍ച്ച തുടരട്ടെ. എല്ലാവര്‍ക്കും നന്ദി.

അമ്മയുടേയും ഭാര്യയുടേയും മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിനില്‍ക്കുന്ന മകന്റെ ദുര്യോഗം വല്ലാത്തതു തന്നെ. മകനെ വളരെയധികം സ്‌നേഹിക്കുന്ന അമ്മയിലെ മാനസികപ്രശ്‌നങ്ങളിലാണല്ലോ നമ്മള്‍ ചര്‍ച്ച തുടങ്ങിയത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ മകന്‍ നേരിടാന്‍ സാധ്യതയുള്ള മാനസികപ്രതിസന്ധിയെക്കുറിച്ച്‌ അമ്മയില്‍ ഒരു ചെറിയ അഹംബോധമുണ്ടായാല്‍ ഇതിനു ഒരുപാടു അയവു വരും. താന്‍ വരുന്നതിനു മുന്‍പ്‌ തന്റെ ഭര്‍ത്താവിനു ഇവിടെ ഒരു ജീവിതമുണ്ടായിരുന്നെന്നും തന്നേപ്പോലെ അദ്ദേഹത്തിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ വേറെയുമുണ്ടെന്ന ഒരു വിശാല ചിന്താഗതി മരുമകള്‍ക്കും ഉണ്ടായല്‍ അതോടെ ഈ ചര്ച്ചയിലെ വിഷയങ്ങള്‍ എല്ലാം അപ്രസക്തമാകും. അവനവന്‍ അവനവന്റെ കടമകളെ മറക്കാതിരിക്കുക എന്ന മെലോഡിയസിന്റെ കമന്റും ഇവിടെ പ്രസക്തമാണ്‌.

പ്രിയ പറഞ്ഞതുപോലെ, സ്വന്തം മകളെപ്പോലെ മരുമകളെ സ്‌നേഹിക്കന്‍ കഴിഞ്ഞാല്‍ എല്ലാം ശുഭം. പക്ഷേ ഉപ്പും ഉപ്പിലിട്ടതും തമ്മിലുള്ള വ്യത്യാസം അവിടെ എന്തായാലുമുണ്ടാകില്ലേ. താന്‍ ഒരു മകളാണ്‌ എന്ന ഒരു വിശ്വാസം അമ്മായിയമ്മയില്‍ ചെലുത്തുന്നതില്‍ ഒരു പെണ്കുട്ടിക്ക്‌ എത്രമാത്രം വിജയിക്കാന്‍ കഴിയുന്നു എന്നതിന്റെ അടിസ്‌ഥാനത്തില്‍ മാത്രമേ ഇങ്ങനെയൊരു പദവിയെ ഭര്‍ത്തൃമാതാവിന്റെ ഹൃദയത്തില്‍ ആദേശം ചെയ്യാന്‍ കഴിയൂ.

പക്ഷേ പലയിടത്തും അങ്ങനെ നടന്നുവരാറില്ല. ഒരു മുന്‍വിധിയോടെ അമ്മായിയമ്മയും മരുമകളും കാര്യങ്ങളെ കാണാന്‍ തുടങ്ങുന്നിടത്തുനിന്നാണ്‌ എല്ലാം തുടങ്ങുന്നത്‌. ഭര്‍ത്താവും ഭാര്യയുമായി ചില സൌന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായാലും അതിനു ഒരു രാത്രിയിലധികം ആയുസ്സുണ്ടാകറില്ല, മാത്രമല്ല, തുടര്‍ന്നുവരുന്ന സ്‌നേഹത്തിന്റെ കുത്തൊഴുക്കില്‍ അതെല്ലാം ഒഴുകിപ്പോകുകയും ചെയ്യും. എന്നാല്‍ ഒരു ചെറിയ കാര്യത്തില്‍ പോലും നിസ്സാരമായ ഒരു അസ്വാരസ്യം അമ്മായിയമ്മയോടൊ, നാത്തൂനോടോ (ഭര്‍ത്താവിന്റെ സഹോദരിയെ നാട്ടില്‍ അങ്ങനെയാണറിയുന്നത്‌) ഉണ്ടായാല്‍ തുടര്‍ന്ന്‌ ഭീമാകാരമായ പ്രശ്നമായി വളരുകയും കാലങ്ങളോളം നിലനില്‍ക്കുന്ന ഒരു വിടവ്‌ അവിടെ സൃഷ്ടിക്കപ്പെടുകയുംഈര്‍ഷ്യയുടെ വിത്തുകള്‍ അവിടെ മുളപൊട്ടുകയും ചെയ്യും. ഇവിടെയാണ്‌ മി. ഗോപാലകൃഷ്ണന്റെ woman is the enemy of woman എന്ന കമന്റിന്റെ പ്രസക്തി.

ഇനി സമത്വത്തിന്റെ കാര്യം. ഒരു മകന്‍ പറഞ്ഞ തമാശക്കിടയില്‍ വേദനിപ്പിക്കുന്ന സത്യം കൂടിയുണ്ട്. അതിജീവനത്തിനു പുരുഷന്റെ വരുമാനമോ, തന്റെ ശരീരം സൂക്ഷിക്കാന്‍ പുരുഷന്റെ സംരക്ഷണമോ ഇന്നത്തെ പെണ്കുട്ടികള്‍ക്കു ആവശ്യമില്ല. അവിടെ പുരുഷനോട് ഇത്തരം ചോദ്യങ്ങളും സമത്വത്തിന്റെ പേരില്‍ ചോദിച്ചുകൂടായ്കയില്ല.

സജി പറഞ്ഞതുപോലുള്ള മകനുണ്ടായാല്‍ ഇന്നത്തെ വഴിയിലുപേക്ഷിക്കപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍ പെരുകുമായിരുന്നുവോ? അമ്മക്കും മകനും മാത്രം സംവദിക്കാന്‍ കഴിയുന്ന ഒരു തലമുണ്ടായിരിക്കെ അവിടെ പരാജയപ്പെടുന്ന മകന്‍ എവിടേക്കാണ്‌ ആ അമ്മയെ കൊണ്ടുപോകുന്നത്‌? മരുമകളുടെ പിടിവാശിയോ, ദുര്‍വാശിയോ മൂലം അമ്മയെ ഉപേക്ഷിച്ചവര്‍ കേരളത്തിലില്ലേ? അമ്മയെ എല്ലാ അവസ്ഥയിലും സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു ഇടം ഉള്ളിലുണ്ടാകുന്ന മക്കളുണ്ടാവണമെന്നതാണ്‌ ഈ ചര്‍ച്ചയുടെ ധ്യേയവും.

ശിവ പറഞ്ഞതുപോലെ മറ്റു ചര്‍ച്ചകളേപ്പോലെ അനാവശ്യതലങ്ങളിലേക്കു ഇതു പോകാതിരിക്കട്ടെ.. നമുക്കു തുടരാം.

റീനി said...

മക്കളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്നതും സ്വാധീനം ചെലുത്തുന്നതും അമ്മമാരല്ലേ? അപ്പോള്‍ ഒരു തരം പൊസ്സസ്സീവ്നെസ് വളരും. ഒരു ദിവസം പെട്ടന്ന് മകന്റെ ഉടമസ്ഥാവകാശം പങ്കുവെക്കുവാന്‍ ഒരാള്‍ വരുമ്പോള്‍ അമ്മക്ക് പുറന്തള്ളപ്പെട്ടുവെന്നൊരു തോന്നല്‍. ഇതു തികകച്ചും സ്വാഭാവീകം, പ്രത്യേകിച്ചും അവര്‍ കൂട്ടത്തില്‍ താമസിക്കുന്നവരാണെങ്കില്‍. ഈ തോന്നലുകള്‍ മനസ്സിലാക്കി അമ്മ അല്‍പ്പം മാറിനില്‍ക്കയും വധൂവരന്മാര്‍ക്ക് അല്‍പ്പം സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുകയുംചെയ്താല്‍ ‘അമ്മായിയമ്മ’ സിറ്റുവേഷന്‍ ഒരു പരിധി വരെ ഇല്ലാതാക്കാമല്ലോ. അതുപോലെ മരുമകളും ഭര്‍ത്താവ് നൂറുശതമാനം തന്റേതുമാത്രമാണന്ന ചിന്തയും ഒഴിവാക്കി അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ മാനിക്കണം. ‘authority and power' നുവേണ്ടിയുള്ള വടംവലിയാണല്ലോ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ പ്രശ്നം.
പറയുമ്പോള്‍ എന്തു സിമ്പിള്‍, പ്രായോഗീകമാക്കുവാന്‍ എത്ര ബുദ്ധിമുട്ടണം, അല്ലേ?

മാവേലി കേരളം said...

ഞാനും ഇവിടെ ഒന്നു രണ്ടു തവണ വന്നിരുന്നു. ഒന്നുമെഴുതാന്‍ സമയമനുവദിക്കാഞ്ഞതിനാല്‍ തിരിച്ചു പോയി. ഇനി ഇത്തിരി സമയം ഉണ്ടാക്കിയേ പറ്റു എന്നൊരു തൊന്നല്‍.

എന്റെ അഭിപ്രായത്തില്‍ മലയാളി കാലത്തിനനുസരിച്ഛ് ചിന്തിക്കാനും പെരുമാറാനും സ്വയം തയ്യാറാകുന്നില്ല് എന്നുള്ളതാണ്‍് ഇത്തരം പ്രശ്നങ്ങള്‍ കൂടുമ്പങ്ങളില്‍ രൂക്ഷമാകുന്നതിന്റെ കാരണം എന്നാണ്‍്.

അത്തായത് ഒരു മകന്‍ വലുതാകുമ്പോള്‍ അവന്റെ ജീവിതം എങ്ങനെയായിരിയ്ക്കും അവന്റെ വിവ്വാഹജീവിതം അങ്ങനെ ആയിരിയ്ക്കും, അവനും അവന്റെ ഭാര്യയും തമ്മില്‍ എങ്ങനെ ഉള്ള ഒരു ജീവിതമായിരിയ്ക്കും ഉണ്ടാവുക, തുടങ്ങിയ കാര്യമാത്ര പ്രധാനമായ കാര്യങ്ങളെക്കുറീച്ച് കേരളത്തിലെ എത്ര അമ്മമാര്‍ ചിന്തിക്കുന്നൂ?
എന്റെ അഭിപ്രായത്തില്‍ ഇത്തരത്തീല്‍ ഭൂ‍രി ഭാഗവും ചിന്തിയ്ക്ക്കുന്നില്ല എന്നു തന്നെയാണ്‍് . ഒരു മ്കനെ യദ്ധാര്‍ഥത്തില്‍ സ്നേഹിക്കുന്ന അമ്മ ഇതൊക്കെ ചിന്തിക്കണം‍.

മകന്‍ വിവാഹം കഴിക്കുന്ന കാലം, അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലമാണ്‍്,വിവാഹം ഒരൂ പുതിയ ജീവിതം തന്നെയാണ്‍്. ആ ജീവിതത്തില്‍ മകനും മരുമകളും തമ്മില്‍ സന്തോഷകരമായ ഒരു ജീവിതത്തിനു സഹായീയ്ക്കയാണ്‍് തന്റെ കടമ എന്നു ചിന്തിക്കുന്ന അമ്മക്ക് സ്വന്തം നഷ്ടബോധത്തെക്കുറിച്ച് എന്തു വ്യാകുലപ്പെടാനിരിക്കുന്നു?

അതുപോലെ ഒരു പുതിയ ജീവിതത്തിലേക്കു കടന്നു വരുക എന്നു പറയുന്നത് ഒരു പുതിയ സന്ദര്‍ഭത്തിലേക്കു കടന്നു വരുകയാണ്‍്, അതിനു ഞാന്‍ തയ്യാറെടുക്കണം എന്ന് മരുമകളും കരുതണം.ഭര്‍ത്താവിന്റെ ജീവിതത്തിലെ, കുടൂമ്പത്തിലെ ന്യായമായ എല്ലാ സമ്പ്രദായങ്ങളോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുക എന്നുള്ളത് ഒരു പെണ്‍കുട്ടിയുടെ ലൈഫ് സ്കില്‍ ആണ്‍്.

എന്നാല്‍ അന്യായമായ എല്ലാ സമ്പ്രദായങ്ങളോടും എതിര്‍ക്കുക എന്നുള്ളതും അവഉടെ ലൈഫ് സ്കില്ലില്‍ അവള്‍ പഠിച്ചിരിയ്ക്കണം.

ഇനി ഇത്തരം അന്ത:ശ്ചിദ്രമുള്ള കുടുംബങ്ങളില്‍ ഒരു സ്നേഹോ മീറ്റര്‍ (ഈ ബാരോമീറ്റര്‍ പോലെ അങ്ങനെ ഒനുണ്ട് എന്നു കരൂതുക:)) ഒന്നു ഫിറ്റ് ചെയ്തിട്ട്‍ അതില്‍ ഒന്നു നോക്കിയാല്‍ മതി പരസ്പര സ്നേഹത്തിന്റെ നിലവാരം കാ‍ണാന്‍.

അവിടെ അമ്മ പറയും എനിക്കെന്റെ മോണെ ഭയങ്കരം സ്നേഹാ, ഭാര്യ പറയും എനിക്കെന്റെ ഭര്‍ത്താനെ ഭയങ്കര സ്നേഹാ.

ഇവരൊക്കെ സ്നേഹത്തെ തെറ്റിദ്ധരിക്കയല്ലേ?

ഇനീ,സ്നേഹം എന്താണ്‍് എന്നു ചോദിച്ചാല്, ചിലരൂ സ്നേഹത്തെ അധികാരമായി തെറ്റിദ്ധരിക്കും,ചിലരു കടമയായും അവകാശമായും എന്തിനു പറയുന്നു സെക്സായും തെറ്റിദ്ധരീക്കും

എന്നാല്‍ എന്റ് നിര്‍വചനത്തില്‍, മറ്റുള്ളവരുടെ വേദന മനസിലാകനും, അവരുടെ അവസ്ഥ മനസിലാകാനും, അവരെ എന്നെപ്പോ‍ാലെ കാണാനും ഉള്ള മനസാണ്‍് സ്നേഹം. ആ സ്നേഹമുള്ളവര്‍ക്ക് കുടുംബന്തരീക്ഷത്തെ, എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരു സ്ഥലമാക്കി കാണണം എന്നു മനസിലാകാന്‍ വിഷമമുണ്ട്ടാവില്ല.

അതു പോലെ കുടുംബത്തില്‍ സത്യം, ന്യായം, മര്യാദ ഇതൊക്കെ ഉണ്ടാവണം. ഇന്നലെ വന്നവര്‍ക്കും, 50 കൊല്ലം മുന്‍പൂ‍ അവിടെ വന്നവര്‍ക്കും, നാളെ ജനിക്കാന്‍ പോകുന്നവര്‍ക്കും മുകളില്‍ പറഞ്ഞ മൂല്യങ്ങളുടെ പേരില്‍ തുല്യസ്ഥാനമേ ഉണ്ടാകാവൂ. ഒരു കുടുംബത്തില്‍ ന്യായാന്യായങ്ങള്‍ക്കു വില കല്‍പ്പിയ്ക്കുന്ന ഒരു ന്യായപീഠം ഉണ്ട് എന്നു ബോധമുണ്ടെങ്കില്‍ പരസ്പരം ഉള്ള കലഹങ്ങള്‍ അങ്ങനെ വഴീവിട്ടു പോവില്ല.

ആ ന്യായപീഠത്തിന്റെ സ്ഥാനം അവിടുത്തെ പുരുഷനാണ്‍് ഞാന്‍ കോടുക്കുന്നത്. കരാണം പുരുഷന്‍ ഒരു കുടുംബത്തിന്റെ മാനേജര്‍ /ലീഡര്‍ ആണ്‍്.

അച്ചനും അമ്മയും സ്നേഹത്തോടെ ജീവിച്ച് മക്കള്‍ക്കു മാത്രുക കാട്ടേണ്ടതുണ്ട്. മകനോടു കണക്കിലധികം ഡിപെന്‍ഡന്‍സിയും അതു വഴി വിവാഹശേഷം മകന്‍ തനിക്കു നഷ്ടപ്പെടും എന്ന് തോന്നലുണ്ടാകുന്നതും പൊതുവെ സന്തോഷമായ ഒരു ജീവിതം സന്തം ഭര്‍ത്താവുമൊത്തു കഴിയാന്‍ ഇടയാകാത്ത സ്തീകള്‍ക്കാണ്‍് എന്നൊരൂ നിഗമനത്തില്‍ ഞാനെത്തിയിട്ടുണ്ട്. റിസേര്‍ച്ചൊന്നും നടത്തിയിട്ടില്ല, നടത്തണമെന്നുണ്ട്.

അതുപോലെ മക്കളെ വളര്‍ത്മ്പോള്‍‍ അവരില്‍ കരുണ, സ്നേഹ്ഹം, തുല്യത, ദീനദയാലുത്വം, പ്രായമായവരോടു ബഹുമാനം ഇതൊക്കെ വളര്‍ത്ത്യെടുക്കണം. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം, 9 വയസിനുള്ളില്‍ പൂര്‍ത്തിയാകുന്നു എന്നാണ്‍്, മന‍:ശാസ്ത്ര പഠനം തെളിയിക്കുന്നത്. എന്നാല്‍ 9 വയസു വരെ ഒരു കുട്ടിക്ക് ഒന്നുമറിയില്ല എന്ന് അച്ചനുമമ്മയും ധരിക്കും, അയിലത്തെ ഗോസിപ്പൂം, വേലക്കാരെയും തന്നില്‍ താണവരേയും നികൃഷ്ടരായി കാണുന്നതും ഒക്കെ അവരുടെ മക്കള്‍ നോ‍ക്കിയിരുന്നു മനസിലാക്കുകയാണ്‍്, അതുപോലെയ്യുള്ള എല്ലാജാഡകളും.

പിന്നീടയാള്‍/ അവള്‍ കൌമാരം കഴിഞ്ഞ്, വിവാഹം കഴിഞ്ഞു, അച്ചനായി, അമ്മയായി, എന്നാലും ചെറുപ്പത്തില്‍ പഠിച്ചു മനസിലാക്കിയതൊക്കെയാണ്‍് പൂഥുവെ സ്വഭാവമായി പുറത്തു വരുന്നത്. അതായത്, സ്വന്തം മക്കള്‍ തങ്ങളോടു സ്നേഹവും, ബഹുമാനവും, കരുണയും ഒക്കെ കാണിക്കണമെങ്കില്‍ അതവരെ സ്വയം പഠിപ്പിക്കണം എന്ന്.

ഇങ്ങേനെ പഠിച്ച മക്കള്‍ അവര്‍ക്കു മക്കളുണ്ടാകുമ്പോള്‍ അതു തന്നെ പഠിപ്പീക്കും.
ഒരു തനിയാവര്‍ത്തനം.

പിന്നെ മകന്‍ കല്യാണം കഴിയ്ക്കാറാകുന്ന സമയത്ത്, പെണ്ണിനെത്ര സ്ത്രീ‍ധനം ക്ട്ടും എന്നു മാത്രം അന്വേഷിയ്ക്കാതെ, എന്റെ മകനു ചേരുന്ന (അതായത് മകനെ കുറിച്ചമ്മ അറിഞ്ഞിരിക്കണം)ഒരു പെണ്‍കുട്ടിയാണോ വരുന്ന മരുമകള്‍ എന്ന് അനേഷിക്കണം, അല്ലെങ്കില്‍ ആ ജോലി മകനു വീട്ടുകൊടുക്കണം.(അവനു കഴിയുമെങ്കില്‍)

അല്ലാതെ സ്തീധനത്തിന്റെ പേരിലും‍ ഒരു ബ്രോക്കറിന്റെ വാചകക്കസര്‍ത്തിലും‍ മാത്രം വിശ്വസിച്ച് മരുമകളെ വീ‍ട്ടില്‍ കോണ്ടു വന്നിട്ട്, അവള്‍ ആദര്‍ശ മരുമകള്‍ ആകണമെന്നു ശഠിക്കൂന്ന അമ്മയിയമ്മക്കോ, ലക്ഷം കൊടുത്തിട്ടു ഞാന്‍ വിലക്കു വാങ്ങിയതാണ് ഭര്‍ത്തവിനേം അയാട വീട്ടുകാരേം എന്നു കരുതുന്ന മരുമകള്‍ക്കോ സ്നേഹത്തേക്കുറിച്ചോ, വൈകാരിക വ്യഥയേക്കുറിച്ചോ അധികം പരാതിപ്പെടാന്‍ അവകാശമില്ല,എന്നാണ്‍് എന്റെ വിനീതമായ കാഴ്ച്ചപ്പാട്.

ശ്രീവല്ലഭന്‍. said...

വളരെ സാമാന്യവല്‍ക്കരിക്കപ്പെട്ട ചര്‍ച്ചയിലെയ്ക്ക് തന്നെ ഇതു നീങ്ങുന്നതായ് തോന്നുന്നു. ഒരു പ്രാവശ്യം കമന്റ് എഴുതാന്‍ തുടങ്ങിയതാണ്, പക്ഷെ വളരെ അധികം എഴുതണം എന്നുള്ളത് കൊണ്ട് വേണ്ടന്നു വച്ചു. ഒന്നു ശ്രമിച്ചു നോക്കാം. എഴുതുന്നത് താങ്കളുടെ ലേഖനത്തെ കുറിച്ചു മാത്രം അല്ല, മറ്റു സാമാന്യവല്‍ക്കരണത്തെ കുറിച്ചു കൂടി ആണ്. ഇതൊരു വളരെ സീരിയസ് ആയി എഴുതിയ ലേഖനം എന്നുള്ള പരിഗണന വച്ചാണ് സീരിയസ് ആയി കമന്റ് ഇടുന്നത്. ഒരു ബു.ജി ചിന്തയല്ല, പക്ഷെ അനുഭവത്തിന്റെ വെളിച്ചത്തില്‍ മനസ്സില്‍ തോന്നുന്നത് എഴുതുന്നു എന്ന് മാത്രം

1. " ഒരു കുഞ്ഞു ജനിക്കുന്നതോടെ ഒരു അമ്മ കൂടി ജനിക്കുന്നു." തീര്‍ച്ചയായും ഒരു അച്ഛനും ജനിക്കെണ്ടതാണ്. ജനിച്ചില്ലെങ്കില്‍ അത് പെണ്ണിന്റെ തലയില്‍ വയ്ക്കുന്നത് ശരിയല്ല. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ഉത്തരവാദിത്തവും, അമ്മയുടേത് പോലെ തന്നെ സ്നേഹവും അച്ഛനും ഇല്ലെങ്കില്‍, അവളുടെ/അവന്‍റെ വളര്‍ച്ചയില്‍ അച്ഛനും പങ്കില്ലെങ്കില്‍ നമ്മുടെ ചിന്തയില്‍, പ്രവൃത്തിയില്‍ എന്തോ തകരാറുണ്ട്. ആ ഒരു ചിന്ത ജനിപ്പിക്കാത്തതില്‍ നമ്മുടെ പഴയ തലമുറയ്ക്ക് (പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്) പുതിയ തലമുറയെ കുറ്റം പറയാന്‍ യാതൊരു ധാര്‍മിക അവകാശവും ഇല്ല. ഇപ്പോഴും 'പുരുഷത്വവും'പൊക്കിപ്പിടിച്ച്, ആ ഒരു ചിന്ത മാത്രം പുതു തലമുറയിലെ ആങ്കുട്ടികളിലും, പെങ്കുട്ടികളിലും സ്ത്രീ എന്നാല്‍ തന്‍റെ വിഴുപ്പലക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്ന് ഉറച്ചു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അവര്‍ക്ക് അതിനെന്ത് അവകാശം?

2. ഇവിടെ കുഞ്ഞ് എന്നുള്ളതിനു വിവക്ഷ തന്നെ ആണ്‍കുഞ്ഞ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. "പക്ഷേ ഇന്നു പല അമ്മമാരും പാഴ്‌മരങ്ങളാണു വളര്‍ത്തിയതെന്ന തിരിച്ചറിവില്‍ പിന്‍തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു"- പാഴ്‌ മരങ്ങള്‍ എന്നുള്ളതും ഒരു 'പുരുഷ' ധ്വനി ആണ് ജനിപ്പിക്കുന്നത് (എന്‍റെ തോന്നല്‍ ആയിരിക്കാം). അമ്മയ്ക്ക് വേവലാതി ആണ്‍ കുഞ്ഞിനെ കെട്ടിച്ചു വിടുമ്പോഴുണ്ടാകുന്നു എന്ന് പറയുമ്പോള്‍ തന്നെ, പെണ്‍കുട്ടികളെ കെട്ടിക്കാനുണ്ടാകുന്ന, കെട്ടിക്കുമ്പോഴുണ്ടാകുന്ന അമ്മയുടെയും അച്ഛന്റ്റെയും പ്രശ്നങ്ങള്‍ ഇതിന്‍റെ കൂടെ തന്നെ പറഞ്ഞില്ലെങ്കില്‍ ഇതൊരു വളരെ ഇടുങ്ങിയ, emotional മാത്രമായ ലേഖനം ആയി പോകും (അതായിരിക്കാം ലേഖകന്‍ ഉദ്ദേശിച്ചതെങ്കിലും)

3." ഭര്‍ത്താവിനു വേണ്ടി മാത്രം കരുതിവെച്ചിരുന്ന സ്‌നേഹവും ശ്രദ്ധയും പരിചരണവും അന്നു മുതല്‍ പകുതിയിലും അധികം കുഞ്ഞിനുവേണ്ടി പങ്കുവെക്കപ്പെടുന്നു. ഇങ്ങനെ പങ്കുവെക്കപ്പെട്ട സ്‌നേഹം പൊട്ടിമുളച്ചു ഒരു വടവൃക്ഷമായി അമ്മ മനസ്സില്‍ വേരിറങ്ങി നില്‍ക്കുന്നു. " അവിടെ ചില പിശകുണ്ട്. സ്വന്തമായുള്ള ജീവിതം? സ്ത്രീയ്ക്ക് സ്വന്തമായ് ജീവിതം ഉണ്ട് എന്ന് ചിന്തിയ്ക്കാന്‍ പോലും നമുക്ക് കഴിയില്ല. കുട്ടികളോട് എന്തുകൊണ്ട് അതേ ചിന്തയും പ്രവൃത്തിയും പുരുഷനില്‍ നിന്നും ഉണ്ടാകുന്നില്ല?

4. "മകന്‍ വിവാഹം കഴിക്കുന്നതോടെ അമ്മയുടെ മനോനിലയില്‍ വേദനിപ്പിക്കുന്ന ഒരു വ്യത്യാസം കണ്ടുതുടങ്ങുന്നു. " ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ ഒരു ചിന്ത സ്ത്രീയില്‍ വര്ദ്ധിപ്പിക്കുന്നതില്‍ പുരുഷന് ഒരു വലിയ പങ്കുണ്ട്- ഭര്‍ത്താവിനും, അച്ഛനും. സമൂഹത്തിനും. അച്ഛന്റെ മനോനിലയിലും അതിലും വലിയ മാറ്റങ്ങള്‍ തന്നെ ആണ് കാണുന്നത്. സ്വന്തം മകന്‍ തങ്ങളെ അവഗണിച്ച് പുതുതായ് വന്ന ഒരു പെണ്ണിന്റെ കൂടെ നില്‍ക്കുന്നു എന്ന് ഒരു തോന്നല്‍ അച്ഛനിലും ഉടലെടുക്കുന്നു.

5. " മകനിലുള്ള തന്‍റെ സ്വാതന്ത്ര്യം പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നതിന്റെ വേദന. ഏകയായി, മൌനയായി, ഈ ദു:ഖം സഹിക്കാന്‍ എല്ലാ അമ്മമാരും വിധിക്കപ്പെട്ടിരിക്കുന്നു."
ദുഃഖം പലപ്പോഴും അമ്മയുടെ മുകളില്‍ കെട്ടി വയ്ക്കുന്നത് അച്ഛനും, മറ്റു ബന്ധുക്കളും ആണ്. മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ആണും പെണ്ണും, അച്ഛനും അമ്മയും മനസ്സിലാക്കിയാല്‍ കാര്യം എളുപ്പമാകും. ഇത്രയ്ക്ക് ദുഖിക്കാന്‍ വലിയ കാര്യം ഒന്നും ഇല്ല എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്. ചെറിയ പ്രശ്നങ്ങള്‍, മനസ്സിലെ തോന്നലുകള്‍ തുറന്നു പറയുകയും, സംസാരിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ തീരേണ്ടതാണ്. പലപ്പോഴും ഈഗോ തന്നെ ആന്ന് പ്രധാന പ്രശ്നക്കാരന്‍.

6. "ജനിച്ച നാള്‍ മുതല്‍ അവന്റെ ഉടുപ്പും നടപ്പും കഴിപ്പും ഉറക്കവുമൊക്കെ നിയന്ത്രിച്ചു പോന്നിരുന്ന ഒരു ഉടമസ്‌ഥാവകാശം പെട്ടെന്നൊരു ദിവസം ഹൈജാക്ക്‌ ചെയ്യപ്പെടുന്നതിന്റെ വേദന. "

അത് ശരിയാണെന്ന് തോന്നുന്നില്ല. ഒന്നാമാതായ് പലപ്പോഴും താന്‍ നോക്കുന്നത് പോലെ തന്റെ മകനെ എന്തുകൊണ്ട് മരുമകള്‍ നോക്കാത്തത് എന്താണ് എന്ന ചിന്ത അമ്മയിലും, അതുയിലും ഒട്ടും കുറവില്ലാതെ അച്ഛനിലും (തന്‍റെ ഭാര്യ നോക്കുന്നത് പോലെ എന്ത് എന്തുകൊണ്ട് മരുമകള്‍ നോക്കാത്തത്‌ എന്ന്) ഉടലെടുക്കുന്നു. പെണ്ണിനെ ആണിന്‍റെ വിഴുപ്പലക്കാനും, അവന് ആഹാരം വച്ചു കൊടുക്കാനും വേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്ന് സ്വന്തം പിതാവിലൂടെയും, മാതാവിലൂടെയും, ബന്ധുക്കളിലൂടെയും, സമൂഹത്തിലൂടെയും അവള്‍ മനസ്സിലുറപ്പിക്കുന്നു. അങ്ങിനെ അമ്മ ചിന്തിക്കുമ്പോള്‍, മരുമകളോടും അവളുടെ അച്ഛനും അമ്മയും, സമൂഹവും അത് തന്നെ ആണ് പറയുന്നത്, പറഞ്ഞു വിശ്വസിപ്പിക്കുന്നത്! (മുകളിലുള്ള ചില കമന്റുകള്‍ തന്നെ നോക്കുക)

കുറച്ചു കൂടി എഴുതാം. അനുഭവത്തിന്റെ വെളിച്ചത്തില്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

റിനി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു മക്കളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്നതും സ്വാധീനം ചെലുത്തുന്നതും അമ്മമാരല്ലേ? അപ്പോള്‍ ഒരു തരം പൊസ്സസ്സീവ്നെസ് വളരും. ഒരു ദിവസം പെട്ടന്ന് മകന്റെ ഉടമസ്ഥാവകാശം പങ്കുവെക്കുവാന്‍ ഒരാള്‍ വരുമ്പോള്‍ അമ്മക്ക് പുറന്തള്ളപ്പെട്ടുവെന്നൊരു തോന്നല്‍. ഇതു തികകച്ചും സ്വാഭാവീകം,

ഇനി എന്തുകൊണ്ട് ഇങ്ങനെ ആയി എന്നതാണോ ചര്‍ച്ച അതോ...
അമ്മ എന്ന ദേവതയ്ക്ക് മാതൃവാത്സല്യം മകന്‍ പെണ്ണുകെട്ടി എന്നതുകൊണ്ട് നഷ്ടമാകുന്നൊ എന്നതാണൊ..?

ഒരിക്കലും ഒരു മകന്റെ ഹൃദയത്തില്‍ നിന്നും അമ്മ എന്ന പവിത്രമായ ബന്ധം ഒരു പെണ്‍കുട്ടി അവന്റെ ജീവിതത്തില്‍ വന്ന് എന്നതുകൊണ്ട് ഒരിക്കലും മുറിയില്ല എന്നതാണ് എന്റെ വിശ്വാസം,.. പിന്നെ മേല്പറഞ്ഞപോലെ പോസ്സിസ്സീവ്നസ്സ് ഇല്ലാത്ത ഒരു മനുഷ്യനും നമുക്കിടയില്‍ കാണീല്ല സ്വന്തമാണെന്ന് വിശ്വസിക്കുന്ന പലതിനും ഒരവകാശികൂടീ ഉണ്ടാകുന്നു എന്നറിമ്പോള്‍ ഏത് മനസ്സിലാണ് പ്രകമ്പനം കൊള്ളാതിരിക്കുന്ന്


അമ്മയും പെങ്ങളും കാമുകിയും ഭാര്യയും എല്ലാം സ്നേഹത്തിന്റെ നിറകുടമാകണം എന്ന് ഞാന്‍ വിശ്വസിക്കുന്നു സ്നേഹത്തിനു മുന്നില്‍ ഈ പറയുന്ന പൊസ്സിസ്സീവ്നെസ്സ് മാറിനില്‍ക്കും സ്വയം മനസ്സിലാക്കുകയും മനസ്സിലാക്കപ്പെടൂകയും ചെയ്യുന്ന ഒരു തലമുറ നമ്മുക്കിടയില്‍ വളരേണ്ടീയിരിക്കുന്നു..

എല്ലാ ബന്ധങ്ങള്‍ക്കും ഓരോ പവിത്രതയുണ്ട് ആ പവിത്രത മനസ്സിന്റെ ഉള്ളില്‍ നിന്നും ഉണ്ടാകണം അല്ലാതെ പുറമേ ഒരു കാര്യം പറയുകയും മറ്റൊരുതരത്തില്‍ പ്രവര്‍ത്തിക്കുയും ചെയ്യുകയും ചെയ്താല്‍ അതിനെ അതിസാമര്‍ത്ഥ്യം എന്നെ പറയാന്‍ പറ്റൂ.
ഇങ്ങനെയായാല്‍ വന്ന്കയറുന്ന പെണ്ണിനോട് അമ്മായി അമ്മമാര്‍ കാണീക്കുന്നത് നമ്മക്കൊക്കെ കാണുനില്ലെ അമ്മയുടെ വാക്കുകേട്ട് മരുമകളെ കൊല്ലാക്കൊല ചെയ്യുന്ന ഭര്‍ത്താവ് എന്ന വിവരദോഷിയെ നമ്മള്‍ എന്ത് വിളിക്കും..?
സ്വത്തും പണത്തിനും വേണ്ടി മാത്രം മരുമകളെ സ്നേഹിക്കുന്ന അമ്മായിയമ്മമാരും നമുക്കിടയില്‍ ഇല്ലെ..?
അതാ പറയുന്നത് നമ്മുടെ സമൂഹത്തില്‍ നല്ലതും നടക്കുന്നു ചീത്തയും നടക്കുന്നു ഞാനും താങ്കളും ഉള്‍പ്പെടൂന്ന ഈ നമ്മള്‍ എന്ന സമൂഹത്തിന്റെ നന്മതിന്മകള്‍ തിരിച്ചറിയണ്ടെ..?
ഇവിടെ ആരെ കുറ്റം പറയും നൊന്ത് പെറ്റ അമ്മമാരേയ്യൊ..?
അതൊ വന്നുകയറുന്ന പെണ്ണുങ്ങളേയ്യൊ..?
അതൊ അമ്മയുടെ താളത്തിനൊത്ത് തുള്ളുന്ന മകനേയ്യൊ..?
അതൊ ഭാര്യയുടെ താളത്തീനോത്ത് തുള്ളുന്ന ഭര്‍ത്താവിനേയ്യൊ..?
ഈ പറയുന്ന ഭാര്യതന്നെയല്ലെ പിന്നീട് ഒരമ്മയായി മാറുന്നത്...

ഈ ഭൂമിയില്‍ മാതാവിനോളം സ്നേഹിക്കാനും ലാളിക്കാനും [സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കല്ലാതെ ഇല്ലാതെ]പരിചരിക്കാനും കുറ്റവിമുക്തമാക്കാനും അവനേ നേര്‍ വഴിയ്ക്ക് നയിക്കാനും..ഒരു ഭാര്യയ്ക്ക് കഴിയുമ്മോ..?ഒരമ്മയുടെ അഭിപ്രായം ഇവിടെ കുറിക്കുന്നു.
[കഴിയുമായിരിക്കും സ്നേഹിക്കാന്‍ മാത്രം അതില്‍ ഒരു സ്വാര്‍ത്ഥത ഉടലെടുക്കുന്നു അമ്മയുടെ സ്നേഹത്തിന് ഒരിക്കലും അളവുകോല്‍ കാണില്ല...
അതില്‍ ലവലേശം സ്വാര്‍ത്ഥത കാണില്ല][ഗീതടീച്ചര്‍ പറഞ്ഞത്]
നിസ്വാര്‍ഥമായ സ്നേഹം അസുയ ഇല്ലാതെ അത് ഒരമ്മയ്കേ പകര്‍ന്ന് നല്‍ക്കാന്‍ കഴിയൂ.]


പക്ഷെ ഒരു ഭാര്യയ്ക്ക് ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ പറയുന്നില്ല കാരണം സ്സ്വന്തം ജീവനേക്കാളേറെ ഭര്‍ത്താക്കന്‍മാരെ സ്നേഹിക്കുന്ന ഭാര്യമാരും നമുക്കിടയില്‍ ഉണ്ട്

വസ്ത്രം കഴുകുക ഭക്ഷണം പാകം ചെയുക്ക എന്ന ഒരു ഉപാദി മാത്രമാണൊ ഭാര്യ..?
ആ ബന്ധത്തിനു പവിത്രതയുണ്ട് എല്ലാ ബന്ധങ്ങളേയും അതിന്റേതായ പവിത്രതയില്‍ കണ്ടാല്‍ ഈ പറയുന്ന പ്രശ്നങ്ങള്‍ ഒരു കുടുമ്പത്തില്‍ ഉണ്ടാകുമൊ..?
പക്ഷെ ഇവിടെ എല്ലാവരും സ്വാര്‍ത്തരാണ് സ്വന്തം ഭാര്യയായായും മകളായാളും മകനായാലും സ്വാ‍ാര്‍ത്തത മാത്രം...
മകന്‍ ഭാര്യയാക്കിക്കൊണ്ടുവരുന്ന പെണ്ണിനെ മകളായി കാണാനുള്ള മനസ്സ് ഈ പറയുന്ന മകന്റെ അമ്മയ്ക്ക് ഉണ്ടാവണം ആദ്യം, അതിലുപരി സ്വന്തം വീട്ടുകാരെയെല്ലാം വിട്ടിട്ട്വരുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സ് അറിയാനും ശ്രമിക്കണം...
അവിടെ അവള്‍ സ്വന്തം ഭര്‍ത്താവുമായി ഇഴുകിചേരാന്‍ ചിലപ്പോള്‍ കുറച്ച് സമയം എടുത്തേക്കാം അവിടെ സ്വാര്‍ത്ഥത എന്ന് ഒരമ്മയും തെറ്റുദ്ധരിക്കണ്ടെ കാര്യമുണ്ടൊ..?
പലര്‍ക്കും പല മാനസികാവസ്ഥയല്ലെ ആ മാനസികാ വസ്ഥ അവന്റെ ഇണയായ ഭാര്യയുമായൊ അല്ലെങ്കില്‍ ഭാര്യ മകനുമായൊ പങ്കിടൂന്നതില്‍ സ്വാര്‍ത്തത ഉണ്ടാകുന്നതത് എന്തിനാണ്..?
ഇവിടെ അമ്മയ്ക്ക് മകന്‍ എങ്ങനെയാണ് നഷ്ടമാകുന്നത്..?
ഒരു മകനും അമ്മയും തമ്മിലുള്ള ബന്ധം പൊക്കിള്‍ക്കൊടിയുടെ ആ ബന്ധം എങ്ങനെ ഒരു പെണ്ണുകയറിവന്നാല്‍ നശിക്കും..?
പെക്ഷെ ഇന്നത്തെ സമൂഹത്തിന്റെ എല്ലാവരേയും ഞാന്‍ ഇതുപോലെ കാണുന്നില്ല കെട്ടൊ..

പിന്നെ അമ്മ അമ്മായി ആകാതെ യും മരുമകള്‍ മകളായും കരുതിയാല്‍ എന്താ പ്രശ്ണം..?

സഹനശക്തിയുള്ളവളല്ലേ സ്ത്രീ...........?
അതു മറക്കരുത്..
അവള്‍ അമ്മയില്‍ നിന്നും തുടങ്ങുന്നു.
പെങ്ങളായും....കാമുകിയായും...ഭാര്യയായും മാറുന്നു അവള്‍...അല്ലെ..?പിന്നെ എന്തുകൊണ്ട് ഒരുസ്ത്രീക്ക് ഒരമ്മയുടെ വികാരം മനസ്സിലാക്കാന്‍ പറ്റുന്നില്ലാ..?
ഈ ഭാര്യതന്നെയല്ലെ പിന്നീട് അമ്മയായ് മാറുന്നതും..?

ശ്രീവല്ലഭന്‍. said...

ചില കമന്റുകളില്‍ കണ്ട സാമാന്യവല്‍ക്കരണം നോക്കാം:
സുകുമാരന്‍ജിയുടെ കമന്റില്‍ നിന്നും:

'മണിപേഴ്സ്' എന്ന് പെണ്‍കുട്ടികളെക്കാള്‍ സ്വന്തം അച്ഛന്മാര്‍ ആണ് ആണ്‍കുട്ടികളെ കുറിച്ചു വിചാരിക്കുന്നത്‌. മകന് എത്ര സ്ത്രീധനം വാങ്ങാം എന്ന് കണക്കു കൂട്ടി നടക്കുന്ന അനേകം അച്ഛന്മാരെ പരിചയപ്പെട്ടിട്ടുണ്ട്. മകന്‍റെ കാശ് മുഴുവന്‍ അവന്‍ മരുമകള്‍ക്ക് വേണ്ടി ചിലവാക്കുന്നു എന്ന് പരാതിപ്പെടുന്ന അച്ഛന്മാരെയും കണ്ടിട്ടുന്ട്ട്. പലപ്പോഴും അമ്മമാരില്‍ ആ ചിന്ത കുത്തിവയ്ക്കുന്നതും അച്ഛന്മാര്‍ തന്നെ.

എനിക്ക് നേരിട്ടറിയാവുന്ന ഒരു കുടുംബത്തിലെ മകന്‍ ഗള്‍ഫില്‍ ആയിട്ട് പതിനഞ്ച് വര്‍ഷം ആയി. വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷം. വിവാഹത്തിനു മുന്പുള്ള മുഴുവന്‍ പൈസയും ജോയിന്റ് അക്കൌണ്ടില്‍ പണവും ഇടാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചു. അച്ഛനെ ധിക്കരിക്കാന്‍ വയ്യാതെ കുറെ നാള്‍ ഇതു തുടര്‍ന്നു. വിവാഹ ശേഷം കുറച്ചു നാള്‍ തുടര്‍ന്നപ്പോള്‍ ഭാര്യ എതിര്‍ത്തു. കാരണം വീട്ടു ചിലവിനു പോലും ഭാര്യ വീട്ടില്‍ നിന്നും കടം വാങ്ങണം എന്ന സ്ഥിതിയില്‍ ആയി. പിന്നെ രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ആണ് മകന് ബുദ്ധി വന്നത്. കയ്യില്‍ വളരെ കുറച്ചു മാത്രം സമ്പാദ്യം. ഇടയ്ക്ക് ജോലി പോയപ്പോള്‍ അതിലും പ്രശ്നം. സ്വന്തം അച്ഛന്‍ കൈ കഴുകി. ജോയിന്റ് അക്കൌണ്ടില്‍ പണവും ഇല്ല!

"ഇന്ന് അണുകുടുംബങ്ങളില്‍ വളരുന്ന പെണ്‍‌കുട്ടികള്‍ക്ക് ശരിയായ ശിക്ഷണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല വളരെ pampered ആയിട്ട് കൂടിയാണ് വളര്‍ത്തപ്പെടുന്നത്."

അണുകുടുംബങ്ങളില്‍ വളരുന്ന ആണ്‍കുട്ടികള്‍? അവരും pampered ആയി തന്നെയല്ലേ വളരുന്നത്? തന്‍റെ പുരുഷത്വം തെളിയിക്കാന്‍ മാത്രം വീട്ടില്‍ നിന്നും പഠിപ്പിച്ച്‌ വിടുന്നു. സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങിനെ ആണെന്ന് അച്ഛന്‍ അവനെ പഠിപ്പിക്കുന്നു- ഭാര്യയെ അടുക്കളയില്‍ തള്ളിയും, വിദ്യാഭ്യാസക്കുറവിന്റെയോ, പണക്കുറവിന്റെയോ പേരില്‍ കളിയാക്കലിലൂടെയും ഒക്കെ മാത്രുകയക്കുന്നത് സ്വന്തം അച്ഛനെ തന്നെ. പക്ഷെ ഇപ്പോഴാതെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ഉള്ളത് കൊണ്ടു പലപ്പോഴും അവളെ അടുക്കളയില്‍ തന്നെ തള്ളാന്‍ അല്പം പ്രയാസം.

" വിവാഹം കഴിഞ്ഞ് വരുന്ന പെണ്‍‌കുട്ടികള്‍ ഇപ്പോള്‍ ഭര്‍ത്തൃഗൃഹത്തില്‍ ഒരു വീട്ടുജോലിയും ചെയ്യുന്നില്ല . ഞാന്‍ എത്രയോ ആണ്‍‌മക്കള്‍ വിവാഹിതരായ അച്ഛന്മാരോട് ചോദിച്ചു , അവരൊക്കെ പറയുന്നു . ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ ആരും ഒന്നും ചെയ്യാറില്ലെന്ന് . അല്ലെങ്കില്‍ തന്നെ ഇക്കാലത്ത് വീട്ടില്‍ എന്ത് ജോലിയാണുള്ളത് . "

കൊള്ളാം. ഭര്‍തൃഗൃഹത്തില്‍ വീട്ടുജോലിക്ക് ഒരു നല്ല വീട്ടു ജോലിക്കാരനെയോ ജോലിക്കാരിയെയോ നിര്‍ത്തിയാല്‍ പോരെ? മകനെ കൊണ്ട് കല്യാണം കഴിപ്പിക്കണോ? വലിയ പുരോഗമനവും യുക്തിവാദവും പറയുന്ന സുകുമാരന്‍ജിയില്‍ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല. സാര്‍ പറഞ്ഞതില്‍ ഒട്ടും യുക്തിയില്ല സര്‍.

എനിക്ക് രണ്ടു പെണ്മക്കള്‍. കുറെ നാള്‍ കഴിയുമ്പോള്‍ അവര്‍ക്ക് വിവാഹാലോചന വരുമ്പോള്‍, സ്വന്തം വീട്ടില്‍ ജോലിചെയ്യാന്‍ ആണ് എന്റെ മക്കളെ കെട്ടാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാല്‍ കുറഞ്ഞ പക്ഷം ആ വീട്ടിലേയ്ക്ക്‌ കെട്ടിച്ചു കൊടുക്കാതിരിക്കാന്‍ എങ്കിലും ഞങ്ങള്‍ ശ്രദ്ധിക്കും (പറ്റുമെങ്കില്‍ നല്ല ആട്ടു വച്ചു കൊടുക്കാനും മടിക്കില്ല) . അവര്‍ക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കാനും, ആവശ്യത്തിനു പണവും, അതുപോലെ ജോലി ചെയ്യാനുള്ള പ്രാപ്തിയും ഞങ്ങള്‍ ഉണ്ടാക്കി കൊടുക്കും. (അതില്ലാത്തപ്പോള്‍ ആണല്ലോ കൂടുതലും 'ഭര്‍തൃഗൃഹത്തില്‍' ജോലി ചെയ്യാന്‍ കൂടുതല്‍ ആവശ്യം വരുക.).

ഇനി ഗുരുജിയുടെ ചില കമന്റുകളിലെയ്ക്ക് (ഈയിടെയായ് ഗുരുജി, സ്വാമി, ബാബ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ചെറിയ അലര്‍ജി; പക്ഷെ അതും ഇതുമായ് ബന്ധമില്ല :-)):

"ആണുങ്ങള്‍ അടുക്കളയില്‍ കയറിയാലെ സ്ത്രീക്കു പുരുഷനോടൊപ്പം സമത്വം കിട്ടൂ എന്ന്‌ ഒരിക്കല്‍ ഒരു ഫെമിനിസ്റ്റ് ടി.വി. റ്റോക്ക് ഷോയില്‍ പറയുന്നതു കേട്ടു. സ്വന്തം ഭര്‍ത്താവു മീന്‍ വെട്ടുന്നതും, തുണി അലക്കുന്നതും കുട്ടികളെ കുളിപ്പിക്കുന്നതും കാണുന്നതാണ്‌ ഈ ഫെമിനിസ്റ്റിന്റെ മനസ്സിലെ സ്ത്രീ പുരുഷ സമത്വം. " അതില്‍ കുറ്റം ഞാന്‍ കാണുന്നില്ല. രണ്ടു പേരും അവരവരുടെ സമയത്തിനനുസരിച്ചു സഹായിക്കുമ്പോള്‍ ആണ് 'കുടുംബം' ആകുന്നത്‌. അല്ലാതെ മീന്‍ വെട്ടുന്നതും, തുണി അലക്കുന്നതും സ്ത്രീകള്‍ക്ക് മാത്രം ഉള്ള ജോലി ആണെന്ന് നമ്മുടെ അച്ഛനും അമ്മയും അല്ലെ പഠിപ്പിച്ച്‌ തന്നിരിക്കുന്നത്? അത് തെറ്റാണ്. തുണി ആണ് അലക്കിയാലും വെളുക്കും. ഇപ്പോള്‍ പലയിടങ്ങളിലും വാഷിംഗ്‌ മെഷീന്‍ ഉള്ളപ്പോള്‍ അതൊരു വലിയ ജോലിയും അല്ല. സ്ഥിരമായ്‌ ജോലിക്ക് പോകുന്ന അണുങ്ങള്‍ക്ക് പലപ്പോഴും കുട്ടികളെ സമയത്തിന് കുളിപ്പിക്കാന്‍ പറ്റിയെന്നു വരില്ല. പക്ഷെ ഇപ്പോള്‍ പല സ്ത്രീകളും 'പുറത്ത്' ജോലിക്ക് പോകുന്നു . അപ്പോള്‍ ജോലി തിരക്ക് എല്ലാം ഒരുപോലെ തന്നെ.

"സ്വന്തം ഭര്‍ത്താവിനെ ആ ഒരു രൂപത്തില്‍ കാണാന്‍ എത്ര പെണ്കുട്ടികള്‍ക്കു കഴിയും? സ്വന്തം ഭര്‍ത്താവിനെ ആ ഒരു രൂപത്തില്‍ കാണാന്‍ എത്ര പെണ്കുട്ടികള്‍ക്കു കഴിയും? എല്ലാ പെണ്‍കുട്ടികളും സ്വന്തം ഭര്‍ത്താവ്‌ 'മാച്ചോ' ആയിരിക്കണമെന്നല്ലേ പ്രതീക്ഷിക്കുന്നത്‌? അപ്പോഴോ?"

അത് സ്ത്രീകള്‍ തന്നെ ആണ് പറയേണ്ടത്. "ആ ഒരു രൂപത്തില്‍" ഹാ ഹാ. ഏത് രൂപത്തില്‍? കുട്ടികളെ കുളിപ്പിക്കുന്ന രൂപം? മീന്‍ വെട്ടുന്ന രൂപം? തുണി അലക്കുന്ന രൂപം? ഇതു ഗുരുജിയുടെ സ്വന്തം ഭാവന. എന്റെ വീട്ടില്‍ അച്ഛനും, എന്റെ അമ്മായി അച്ഛനും തുണി അളക്കുകയും, കൊച്ചു മക്കളെ കുളിപ്പിക്കുകയും ചെയ്യുന്നത് കണ്ടിട്ടുന്ട്ട്. എന്റെ വീട്ടില്‍ അമ്മയും അച്ഛനും മീന്‍ ഉപയോഗിക്കാറില്ല, പക്ഷെ ചിലപ്പോള്‍ അമ്മായി അച്ഛന്‍ ചെയ്യുന്നത് കണ്ടിട്ടുന്ട്ട്. അത് കൊണ്ട് എനിക്ക് ബഹുമാനം കൂടിയിട്ടെ ഉള്ളു. ഞാനും, എന്റെ അനിയനും ഇതെല്ലാം ചെയ്യാറുണ്ട് (മടിയന്‍ ആണേ; പലപ്പോഴും ശനി, ഞായര്‍; മീന്‍ വെട്ടുന്നത് ഇഷ്ടമല്ല. അതിനാല്‍ പലപ്പോഴും വെട്ടി വാങ്ങും). ഒരു പക്ഷെ രണ്ട് ആണ്‍ മക്കള്‍ മാത്രം വീട്ടില്‍ ഉണ്ടായിരുന്നത് കൊണ്ടും, അച്ഛന്‍ പലപ്പോഴും വേറെ ജില്ലകളില്‍ ജോലിയായപ്പോള്‍, അമ്മയെ സഹായിക്കാനും വേണ്ടി പണ്ടു തുടങ്ങിയ ശീലം ആയതിനാലും ആയിരിക്കണം. എന്‍റെ പല സുഹൃത്തുക്കളും ഭാര്യമാരെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്.

'മാച്ചോ' എന്നാല്‍ എന്താണ്? മസില്‍ പിടിച്ചു മീശ പിരിച്ച് ഒരു പണിയും ചെയ്യാതെ വീട്ടില്‍ ഇരിക്കുക? അത് ഒരു സ്ത്രീയും ഇപ്പോള്‍ വിചാരിക്കും എന്ന് തോന്നുന്നില്ല. പണ്ടത്തെ കാലം അല്ല. അങ്ങിനെ സ്ത്രീ വിചാരിച്ചാല്‍ തന്നെ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പണ്ടു മുതലേ 'പുരുഷത്വം' വിളമ്പുന്ന കാര്‍ന്നോന്മാര്‍ക്ക്‌ തന്നെ. (ഹൊ ഗുരുജി, സ്ത്രീകള്‍ക്ക് വെറുതെ കാണാന്‍ മാത്രമെ ഈ 'macho' ഇഷ്ടമാവുകയുള്ളു. കൂടെ കഴിയാന്‍ ഇഷ്ടം പലപ്പോഴും അല്പം സന്‍മനസ്സും, കുറച്ചു നര്‍മ്മവും, അല്‍പ്പം ആത്മാര്‍ഥതയും, കുറച്ച് അദ്ധ്വാനിക്കുന്നവരെയും ഒക്കെയാണ് (അനുഭവം!) )

"ത്യാഗബുദ്ധി നമ്മുടെ സംസ്കാരമല്ലേ? അമേരിക്കയില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ നമ്മുടേതു മാതിരി ഒരു ആത്മബന്ധമില്ല. കാരണം ഇന്നത്തെ ഭാര്യ നാളത്തെ ഭാര്യയല്ല. ഇന്നത്തെ ഭര്‍ത്താവ്‌ നാളത്തെ ഭര്‍ത്താവുമല്ല."

കൊള്ളാം! എനിക്കറിയാവുന്ന വളരെ അധികം അമേരിക്കക്കാര്‍ വളരെ ആത്മ ബന്ധവുമായ് ജീവിക്കുന്നു. ഒരു പക്ഷെ നമ്മളെക്കാള്‍ വളരെ നല്ല ആത്മ ബന്ധം തന്നെ.

ആ ത്യാഗബുദ്ധി സ്ത്രീയ്ക്ക് മാത്രം പോര, പുരുഷനും വേണം. മറ്റുള്ള സംസ്കാരത്തിലും ത്യാഗബുദ്ധി ഉണ്ട്. നമ്മുടെ സംസ്കാരം മാത്രമല്ല വലുത്! എന്‍റെ ഡയറക്ടര്‍ ആയിരുന്ന ഒരു അമേരിക്കക്കാരന്‍ ചെയ്തിരുന്നത് ഒരു പ്രാവശ്യം ഭാര്യയുടെ ജോലിസ്ഥലത്ത്‌ അയാള്‍ ജോലി കണ്ടു പിടിക്കും, പിന്നെ അടുത്ത തവണ അയാള്‍ക്ക് നല്ല ജോലി കിട്ടുമ്പോള്‍ ഭാര്യ അവിടെ ജോലി കണ്ടു പിടിക്കും. വളരെ വര്‍ഷങ്ങളായ് അവര്‍ സുഖമായ് കഴിയുന്നു.

"ഭര്‍ത്താവ്‌ ഇന്നു രാവിലെ ബ്രേക്‌ഫാസ്റ്റ് ഉണ്ടാക്കിയാല്‍ നാളെ ഭാര്യ ഉണ്ടക്കിയിരിക്കണം. ഭാര്യ ഈ ആഴ്ച തുണി അലക്കിയാല്‍ അടുത്ത ആഴ്ച ഭര്‍ത്താവ്‌ അലക്കിയിരിക്കണം. അമേരിക്കക്കയില്‍ എല്ലാമുണ്ട്, കുടുംബബന്ധമില്ല എന്നു പറയുന്നതിന്റെ പ്രധാന കാരണം ഭാര്യാഭര്‍ത്താക്കന്‍മാരുടെയിടയിലെ ഈ കിടമത്സരമാണ്‌. "

ഒന്നും പറയാനില്ല! ഇതൊരു മുട്ടന്‍ സാമാന്യവല്‍ക്കരണം! ഞാന്‍ ഇവിടെ ജോലി ചെയു‌ന്ന സ്ഥലത്തു രണ്ടായിരം പേര്‍ ഉണ്ട്. അതില്‍ കൂടുതല്‍ പേരും യൂറോപ്പിലേയും അമേരിക്കയിലെയും തന്നെ. ഇവരൊക്കെ breakfast കഴിക്കുന്നത് തന്നെ ഒരു കഷണം ബ്രെഡും, പിന്നെ ജാമോ വല്ലോം പുരട്ടി ആണ്! (നമ്മുടെ കൂട്ട് ആട്ടു കല്ലില്‍ അരച്ച മാവ് ഇഡ്ഡലിയും ദോശയും ഉണ്ടാക്കിയല്ല!). ഹൊ, തുണി അലക്കിയാല്‍ - അമേരിക്കയിലും അലക്കു കല്ലില്‍ തന്നെ ആണോ തുണി അലക്കുക? അവരുടെ ബന്ധങ്ങള്‍ നില നില്‍ക്കാത്തത്തിനു കാരണം ഇതൊന്നും അല്ല. പലപ്പോഴും " സ്വാര്‍ത്ഥത" മാത്രം ആണ്. അതായത് സ്വന്തം കാര്യം സിന്ദാബാദ്!

ഇനി അങ്കിളിന്റെ ചില കമന്റുകളിലെയ്ക്ക്:

"എന്നാല്‍ അത്തരത്തിലുള്ള ഒരു പിരിമുറുക്കം സ്വന്തം മകളുടെ കാര്യത്തില്‍ കാണാറില്ല എന്നുള്ളത്‌ ശ്രദ്ധിച്ചിട്ടില്ലേ. "

ശരിയല്ല അങ്കിള്‍. കാരണം വര്‍ദ്ധിച്ചു വരുന്ന സ്ത്രീധന പീഢനം, വിവാഹ പിറ്റേന്നു മുതല്‍ സ്ത്രീധനം ചോദിച്ചു കൊണ്ട് ആണ്‍ വീട്ടുകാര്‍ നടത്തുന്ന കോപ്രായങ്ങള്‍ - ഇതൊക്കെ ഞാന്‍ കണ്ട പല കുടുംബത്തിലും വളരെ അധികം ഉണ്ട്. അപ്പോള്‍ പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും ഒരു പിരിമുറുക്കവും ഇല്ലെങ്കില്‍, ആണിന്‍റെ വീട്ടുകാര്‍ വളരെ നല്ലവര്‍ ആയതു കൊണ്ടാണ്. അത് ചുരുക്കം ചിലര്‍ മാത്രം!

"മേലില്‍ ഈ വീട്ടില്‍ കയറരുതെന്നു വരെ അമ്മ ആജ്ഞാപിച്ചേക്കാം. .......അച്ഛന്‍ ഒരിക്കലും അത്തരം വാചകങ്ങളുമായി വരില്ല, മനസ്സില്‍ പ്രയാസം കാണുമെങ്കിലും. " .

പാവം അച്ഛന്‍! എന്തൊരു പാവം! എല്ലാം അമ്മയുടെ കുഴപ്പം! ഞാന്‍ കണ്ട പല സ്ഥലങ്ങളിലും അച്ഛന്‍മാര്‍ തന്നെ ആണ് പലപ്പോഴും അമ്മയുടെ ചെവിയില്‍ ഓതുന്നത്.

"ആണ്‍കുട്ടികള്‍ ഒരുപാട്‌ മാറേണ്ടിയിരിക്കുന്നു..." ആഹാ ഗുരുജി പ്ലേറ്റ് മാറിയോ. അതെ അത് തന്നെയാ ഞാനും പറഞ്ഞു വന്നത്.

Inji Pennu said...

ഇതെന്താ ഗുരുജി പുതിയ വല്ലോ സീരിയലിന്റെ തിരക്കഥയാണോ? :)

1. ഈ സ്നേഹം എന്ന് പറയുന്നത് നൂറിന്റെ നോട്ടല്ല, പങ്ക് വെക്കുമ്പോ കുറഞ്ഞ് പോവാന്‍.

2. ഈശ്വരാ മകന്റെ വിവാഹത്തിനു ഒരമ്മയ്ക്ക് ഇത്രയൊക്കെ വേദനയുണ്ടോ? പാവം! എത്ര സീരിയലും മംഗളവും വായിച്ചെടുത്തു? അന്യരോട് , എന്തിനു സ്വന്തം ഭര്‍ത്താവിനോട് എന്ന് എഴുതിക്കണ്ട്. ഞാന്‍ അത് വായിച്ച് കുറേ ചിരിച്ചു. ഭര്‍ത്താവ് അന്യരുടെ ലിസ്റ്റിലായോ അപ്പളേക്കും?

3. മകനിലുള്ള എന്തു സ്വാതന്ത്ര്യമാണ് അമ്മയ്ക്ക് ഇവിടെ നഷ്ടപ്പെടുന്നത്? മകനേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമോ? അതോ മകനെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യമോ? എങ്ങിന്യാ ഈ എല്ലാ അമ്മമാരും എന്നൊക്കെ ഒരു കണ്‍‌ക്ല്യൂഷനില്‍ എത്തണേ?

4. ജനിച്ച് കഴിഞ്ഞ് പിന്നെ ഒരു ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഉടുപ്പും നടപ്പും ഒക്കെ അമ്മമാര്‍ അഡ്ജസ്റ്റ് ചെയ്യന്‍ ചെന്നാ ചെക്കന്റെ വായിലിരിക്കണത് കേക്കും. ഇതൊക്കെ ഏത് നാട്ടിലാണാവോ? അപ്പോ സാരില്ല്യ ഗുരുജി, എട്ട് ഒന്‍പതാവുമ്പോഴേക്കും കൈവിട്ടു പോകുന്ന ഈ സ്വാതന്ത്ര്യം ഒരു ശീലമാവൂലേ കല്ല്യാണം കഴിക്കാറാവുമ്പൊ. ഇത് പെണ്മക്കളിലാവും അമ്മമാര്‍ക്ക് കൂടുതുല്‍. കല്ല്യാണം കഴിക്കുന്ന വരെ മിക്ക അമ്മമാര്‍ക്കും പെണ്മക്കളുടെ കാര്യത്തില്‍ ഒരു സേ ഉണ്ട്.

5. ഈശോ! മകന്റെ മുറി ഒക്കെ എത്ര പണ്ടാ. അവന്‍ ജോലി തേടി ബാംഗ്ലൂറും ദുബായിലും അമേരിക്കയിലും ഒക്കെ ഓള്‍‌റെഡി പോയി ഗുരുജി. ഇപ്പൊ അവിടെ ഒന്നുമില്ല. ആ മുറികള്‍ അമ്മമാര്‍ കണ്ടിട്ടും കൂടിയുണ്ടാവില്ല.

6. ഡ്രെസ്സ് അലക്കാനൊക്കെ അമ്മമാര്‍ക്ക് അതിപ്പൊ മകളായാലും മകനായാലും ഒരുപോലെയല്ലേ? മകളെ കല്ല്യാണം കഴിപ്പിക്കുന്നതോട് കൂടി പിന്നെ സാരിയൊക്കെ ഡ്രൈ ക്ലീനാണ്. അതുകൊണ്ട് അമ്മമാര്‍ക്ക് കൂടുതല്‍ ദു:ഖമാണുണ്ടാവുക :). മകന്റെ ഷര്‍ട്ടെങ്കിലും വല്ലപ്പളും കിട്ടാണ്ടിരിക്കില്ല. ദുഖവതിയായ അമ്മ മകന്റെ കയറാന്‍ സാധിക്കാത്ത മുറിക്കു മുന്‍പില്‍ ഒരു ഷര്‍ട്ട് കിട്ടുമോ എന്ന് തേടിയലയുന്ന കാഴ്ച അമ്പമ്പോ ഭയാനകം, ഭയങ്കരം :) . പിന്നെ വാഷിങ്ങ് മെഷീനും ജോലിക്കാരികളും ഒക്കെ ഉള്ള അമ്മമാരുടെ താങ്ങാനാവാത്ത ദു:ഖവും അടുത്ത എപിസോഡിനുള്ള വകയായി.

7. ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ട് എന്തു കാര്യം ഗുരുജി? ഇപ്പൊ പിള്ളേരുടെ പോക്കറ്റില്‍ അങ്ങോട്ട് കാശ് വെച്ച് കൊടുക്കേണ്ട ഗതികേടാ അമ്മമാര്‍ക്ക്. ഒ എന്നാ ചിലവാന്നേ പിള്ളേര്‍ക്ക് ഇപ്പൊ :)

8. സാരമില്ല അമ്മ കറി വിളമ്പും, ഭാര്യ ചോറും.
അതിനു മുന്‍പ് ഹോട്ടലില്‍ നിന്ന് മകന്‍ പോറോട്ടയും ചിക്കനും അടിച്ചാല്‍, ആ ദിവസത്തെ വിളമ്പല്‍ എന്താവോ എന്തോ?

9. അടുക്കളയില്‍ രണ്ട് പേര്‍ക്ക് നിക്കാനുള്ള സ്ഥലമുണ്ടാവില്ലേ?

സത്യായിട്ടും ഗുരുജി ഏത് സീരിയലാന്ന് പറ

ഓഫ്:
കമന്റൊന്നും വായിക്കാനുള്ള മനക്കട്ടിയില്ല :)

ഗുരുജി said...

കെ. പി. എസ്, അങ്കിള്‍, ഭൂമിപുത്രി, ദിലീപ്, പ്രിയ ഉണ്ണികൃഷ്ണന്‍, നന്ദ, മെലോഡിയസ്, ഗോപാലകൃഷ്ണന്‍, പ്രിയ, ഒരു മകന്‍, സജി, ശിവ, റീനി, മാവേലി കേരളം, ശ്രീവല്ലഭന്‍, മിന്നാമിനുങ്ങുകള്‍, ഇഞ്ചിപ്പെണ്ണ്‌ എല്ലവര്‍ക്കും നന്ദി. ഇത്ര നീണ്ട ഒരു ചര്‍ച്ചയയി ഇതു തുടരുന്നതില്‍ സന്തോഷമേ ഉള്ളൂ..

ശ്രീ വല്ലഭന്റെ നിശിതമായ വീക്ഷണവും, ഇഞ്ചിപ്പെണ്ണിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന എരിവുള്ള കമന്റും ഈ ചര്‍ച്ചയുടെ ആരോഗ്യത്തെ തന്നെയാണ്‌ കാണിക്കുന്നത്.

ഒരു കൌണ്ടെര്‍ അറ്റാക്കിനിടം തരാതെയുള്ള കമന്റുകള്‍ക്കെല്ലാം നന്ദി. എല്ലാ കമന്റുകളും സുദീര്‍ഘവും വസ്തുതാജനകവുമായിരുന്നു. ഇതിനുവേണ്ടി കണ്ടെത്തിയ എല്ലാവരുടേയും സമയത്തിനും പ്രതികരണ മനോഭാവത്തിനും ഞാന്‍ എന്റെ ആദരവു പ്രകടിപ്പിച്ചോട്ടെ.

എന്നിരുന്നാലും ശ്രീവല്ലഭനോടും ഇഞ്ചിപ്പെണ്ണിനോടുമായി ഒരു കാര്യം. ഇത്തരം ഒരു മാനസികാവസ്ഥ അമ്മമാരില്‍ ഉണ്ടാകാറേയില്ല എന്നുള്ള ഒരു സാമാന്യവത്കരണമാണോ ഉദ്ദേശിച്ചിരിക്കുന്നത്? അതോ അമ്മാരിലെ ഇങ്ങനെയൊരു മാനസികാവസ്ഥ യാഥാര്‍ഥ്യങ്ങളില്‍ നിന്നും അന്യം നില്‍ക്കുന്ന വൃഥാ സങ്കല്പ്പമോ?

ആണ്‍പെണ്‍ സമത്വത്തെക്കുറിച്ചുണ്ടായ പരാമര്‍ശങ്ങളെല്ലാം കമന്റില്‍ നിന്നുണ്ടായതാണ്‌. മകന്റെ വരുമാനത്തെ അധിഷ്ഠിതമാക്കി ശിഷ്ടജീവിതം നയിക്കാന്‍ ഗതികേടുള്ള രക്ഷിതാക്കളുടെയിടയില്‍ ഇത്തരം ഒരു മാനസികാവസ്ഥ തീര്‍ച്ചയായുമുണ്ട്‌ എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. (അവര്‍ ബാംഗ്ലൂരായാലും, ദുബായിലായാലും സിംഗപ്പൂരായാലും) ഈ തലമുറയിലെ ഭൂരിപക്ഷം അച്ഛനമ്മമാരും ശിഷ്ടകാലം സ്വന്തം വരുമാനത്തില്‍ തന്നെ കഴിക്കാനായി കരുതിവെക്കുന്നുണ്ട്‌ എന്നതിനാല്‍ വരുംകാലത്തില്‍ ഈ മാനസികാവസ്ഥയില്‍ വ്യതിയാനമുണ്ടാകും.

പക്ഷേ മകന്റെമേലുള്ള തന്റെ അവകാശങ്ങള്‍ നഷ്ടമാകുന്നു എന്ന അപ്രകടിതമായ ഉള്‍ബോധം അമ്മമാരില്‍ എന്നുമുണ്ടായിരിക്കും. അധികാരം നഷ്ടപെട്ടതിന്റെ അസംതൃപ്തിയുടെ മേല്‍ സ്‌നേഹത്തിന്റെ ഉണര്‍വുണ്ടാകുന്ന അമ്മമാരുണ്ടാകട്ടെ. താന്‍ വളര്‍ത്തി വലുതാക്കിയ മകന്‍ തന്റെ പിന്നോക്കയാത്രയില്‍ ഒരു കൈ തരാനുണ്ടാവില്ലേ എന്ന ഭീതി മനസ്സില്‍ ഇടം കൊടുക്കാത്ത അമ്മമാരുണ്ടാകട്ടെ. വാത്സല്യവും ബഹുമാനവും കുടുംബത്തില്‍ പുലര്‍ന്നുകാണാന്‍ എല്ലാം സഹിക്കാന്‍ കഴിവുള്ള അമ്മമാരുണ്ടാകട്ടെ. ഒരു കാര്യം മറന്നു. ഇന്നു കുടുംബം എവിടെ അല്ലേ? ഞാനും എന്റെ ഭാര്യയും എന്റെ മക്കളും മാത്രമല്ലേയുള്ളൂ.

Unknown said...

മകന്റെ വിവാഹത്തോടെ അമ്മയ്ക്ക് സംഭവിക്കുന്നത് എന്നാണ് ഈ പോസ്റ്റിന്റെ വിഷയമെങ്കിലും അമ്മയിലും മകനിലും മാത്രം ഈ ചര്‍ച്ച ഒതുക്കാന്‍ കഴിയില്ല . സ്വാഭാവികമായി അത് കുടുംബത്തെപ്പറ്റിയും ഇന്നത്ത കുടുംബപ്രശ്നങ്ങളെപ്പറ്റിയും ആയി നീണ്ടു പോകും . എല്ലാ കുടുംബങ്ങളിലും ആന്തരീകമായി പ്രശ്നങ്ങള്‍ ഉണ്ട് എന്നത് സാമാന്യമായി തന്നെ പറയാം . അത് കൊണ്ട് ഈ ആരു ഈ ചര്‍ച്ചയില്‍ പങ്കെടുത്താലും സ്വന്തം അനുഭവങ്ങള്‍ അതില്‍ പ്രതിഫലിക്കുകയും പറയുന്നതില്‍ സാമാന്യവല്‍ക്കരണം വന്നു പോവുകയും ചെയ്യും . ഈ പ്രശ്നങ്ങള്‍ക്കൊന്നും യഥാര്‍ത്ഥത്തില്‍ പരിഹാരം കണ്ടെത്തുക എളുപ്പമല്ല . നമ്മുടെ സംസ്ക്കാരം അത്തരത്തിലാണ് . ഇന്ന് നാട്ടില്‍ മുക്കിന് മുക്കിന് ജ്യോത്സ്യന്മാരും ദിവ്യന്മാരുമാണുള്ളത് . അതിന് പകരം ഫേമിലി കൌണ്‍സലിങ്ങ് സെന്ററുകളും കുടുംബകൌണ്‍സിലര്‍മാരുമായിരുന്നു ധാരാളമായി ഉണ്ടായിരുന്നതെങ്കില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ സുമുഖമായി പരിഹരിക്കാമായിരുന്നു . പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലല്ല അവനവന്റെ നിലപാടുതറയില്‍ ഉറച്ചു നിന്നുകൊണ്ട് പ്രശ്നങ്ങള്‍ അപരിഹാര്യമായി അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് നമുക്ക് ജന്മവാസനയെന്ന് തോന്നുന്നു . ഈ ചര്‍ച്ച വളരെ പോസിറ്റീവായിട്ടാണ് മുന്നോട്ട് പോകുന്നത് എന്നത് നല്ല സൂചനയാണ് . പക്ഷെ, എന്നെപ്പോലെ പലരുടെയും കമന്റുകള്‍ പോസ്റ്റിനെക്കാളും നീണ്ടുപോകുന്നത് ഇനി വായിക്കുന്നവര്‍ക്ക് അരോചകമായിപ്പോകുമോ എന്ന് ഭയവുമുണ്ട് .

ഞാന്‍ വീണ്ടും എന്തെങ്കിലും എഴുതണം എന്ന് കരുതിയതല്ല . പക്ഷെ ശ്രീവല്ലഭന്റെ കമന്റില്‍ ഇങ്ങനെ “ വലിയ പുരോഗമനവും യുക്തിവാദവും പറയുന്ന സുകുമാരന്‍ജിയില്‍ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല. സാര്‍ പറഞ്ഞതില്‍ ഒട്ടും യുക്തിയില്ല സര്‍ “ കണ്ടത് കൊണ്ട് എന്തെങ്കിലും പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല . സാധാരണഗതിയില്‍ എന്നെ അധിക്ഷേപിച്ചുകൊണ്ട് ആരെങ്കിലും കമന്റുകള്‍ എഴുതിയാല്‍ ഞാന്‍ അതിന് മറുപടി പറയാന്‍ മെനക്കെടാറില്ല . എന്റെ ബ്ലോഗിലാണെങ്കില്‍ ഞാനത് ഡിലീറ്റും എന്ന് മാത്രം . ഇവിടെ പക്ഷെ ചര്‍ച്ച ചെയ്യുന്നത് എല്ലാവരേയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഒരു പ്രായത്തിലല്ലെങ്കില്‍ മറ്റൊരു പ്രായത്തില്‍ ബാധിക്കുന്ന മാനസികവും വൈകാരികവും ആയ പ്രശ്നങ്ങളാണ് . അത് കൊണ്ട് ഞാന്‍ ശ്രീവല്ലഭനോട് വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയട്ടെ . ഇതില്‍ നിന്ന് ശ്രീവല്ലഭന്‍ എന്നെ അധിക്ഷേപിച്ചു എന്ന് ഞാന്‍ കരുതുന്നതായി ധരിക്കരുതേ . ഇവിടെ വരുന്നവരോട് കമന്റുകള്‍ മുഴുവനും ശ്രദ്ധാപൂര്‍വ്വം വായിക്കണമെന്നും എനിക്കഭ്യര്‍ത്ഥനയുണ്ട് .

പുരോഗമനചിന്തയും യുക്തിവാദവും തന്നെയാണ് എന്റെ വ്യക്തിജീവിതത്തില്‍ എനിക്ക് മാര്‍ഗ്ഗദര്‍ശനവും ബലവും നല്‍കുന്നത് . എന്റെ കുടുംബത്തില്‍ ഞാന്‍ ഒരു പ്രിന്‍സിപ്പ്‌ള്‍ സെറ്റ് ചെയ്തിട്ടുണ്ട് . അതില്‍ പ്രധാനം വീട്ടുജോലി എന്നത് സ്ത്രീകള്‍ മാത്രം ചെയ്യേണ്ട ഒന്നാണെന്ന ധാരണ ശരിയല്ലെന്നും അത് സ്ത്രീയും പുരുഷനും ഫിഫ്റ്റി-ഫിഫ്റ്റി ആയി ഷേര്‍ ചെയ്യേണ്ടതാണ് എന്നതുമാണ് . (രണ്ട് സ്ത്രീകള്‍ ഉള്ള വീടുകളില്‍ വീട്ടുജോലികളുമായി ബന്ധപ്പെട്ടാണ് മിക്കവറും പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ) ഞാന്‍ വീട്ടിലെ എല്ലാ ജോലികളും ചെയ്യും . സാഹചര്യങ്ങളുടെ ആനുകൂല്യം എന്ന് പറയട്ടെ എന്റെ മകളുടെ ഭര്‍ത്താവും (മരുമകന്‍)ഞങ്ങളുടെ കൂടെ ഉള്ളപ്പോള്‍ എല്ലാ വീട്ടുജോലികളും ചെയ്യും വാഷിങ്ങ് ഉള്‍പ്പെടെ ..

മറ്റൊന്ന് എന്റെ കുടുംബത്തില്‍ സ്വന്തമായി ആര്‍ക്കും വരുമാനമില്ല എന്നതാണ് പൊതുവരുമാനമേയുള്ളൂ . എന്റെ പണം , എന്റെ വരുമാനം എന്ന് എന്റെ മകനോ മകളോ ഭാവിയ്ക്കുകയില്ല . ഇവിടെയും എന്റെ മരുമകനും എനിക്ക് മേച്ചിങ്ങ് ആയിത്തന്നെ കിട്ടി . ഞാന്‍ പണിത വീടോ എന്റെ കൈവശമുള്ള 7 സെന്റ് സ്ഥലമോ ഒരിക്കലും പൊതുവായതെന്ന് കരുതുകയല്ലാതെ ഭാഗം വയ്ക്കണമെന്ന് ചിന്തിക്കരുത് എന്നും ഞാന്‍ പറഞ്ഞുവെച്ചിരുന്നു .

ഇങ്ങനെയിരിക്കെയാണ് മകന്റെ വിവാഹം കഴിയുന്നത് . അതിനിടയ്ക്ക് ഒന്ന് പറയട്ടെ . കുടുംബത്തിന് ഇങ്ങനെയൊരു ബേസിക്ക് പ്രിസിപ്പ്‌ള്‍ രൂപപ്പെടുത്താനും അത് പ്രയോഗത്തില്‍ നടപ്പിലാക്കാനും എന്നെ സഹായിച്ചത് എന്റെ യുക്തിചിന്തയാണ് . എന്നാല്‍ എന്റെ മരുമകള്‍ക്ക് അതായത് മകന്റെ ഭാര്യക്ക് ഈ തീയറി ഉള്‍ക്കൊള്ളാനാവുമോ എന്ന് സംശയമാണ് . എഞ്ചിനീയറിങ്ങില്‍ ബിരുദമുണ്ടെങ്കിലും സ്വാര്‍ത്ഥതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ട അണുകുടുംബത്തില്‍ നിന്നല്ലേ അവള്‍ വരുന്നത് . ചുരുക്കത്തില്‍ എന്റെ പ്രിന്‍സിപ്പ്‌ള്‍ കാലത്തിന് വിട്ടുകൊടുക്കേണ്ട അവസ്ഥയിലാണ് ഞാനിപ്പോള്‍ . എന്റെ ആത്മകഥനം ഞാന്‍ നീട്ടുന്നില്ല . മനുഷ്യര്‍ക്ക് പരസ്പരം അശയവിനിമയം നടത്താന്‍ വളരെ പരിമിതികളുണ്ട് എന്നാണ് ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ച ഒരു പാ‍ഠം . നമ്മള്‍ വിചാരിക്കും ലളിതമായ ലോജിക്കല്ലേ വളരെ ലളിതമായി പറയുന്നത് , എന്തുകൊണ്ടാണ് അത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവാത്തത് എന്ന് . അതാണെന്ന് തോന്നുന്നു മനുഷ്യപ്രകൃതം .

എഴുതിയാല്‍ ഇനിയും നീണ്ടുപോകാമെന്നത്കൊണ്ട് ഇവിടെ നിര്‍ത്തട്ടെ . ഇത്രയും പറഞ്ഞില്ലെങ്കില്‍ എനിക്ക് മന:സമാധാനം ഉണ്ടാവുമായിരുന്നില്ല .

ശ്രീവല്ലഭന്‍. said...

സുകുമാരന്‍ജി,

വ്യക്തിഹത്യ അല്ല ഞാന്‍ ഉദ്ദേശിച്ചതും. നിലപാടുകളിലെ വൈരുദ്ധ്യം ചില വാചകങ്ങളില്‍ കാണുമ്പോള്‍ ചൂണ്ടി കാണിക്കുക എന്നത് മാത്രം ആയിരുന്നു ഉദ്ദേശം. താങ്കളുടെ ഈ വാചകം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി:

"വിവാഹം കഴിഞ്ഞ് വരുന്ന പെണ്‍‌കുട്ടികള്‍ ഇപ്പോള്‍ ഭര്‍ത്തൃഗൃഹത്തില്‍ ഒരു വീട്ടുജോലിയും ചെയ്യുന്നില്ല . ഞാന്‍ എത്രയോ ആണ്‍‌മക്കള്‍ വിവാഹിതരായ അച്ഛന്മാരോട് ചോദിച്ചു , അവരൊക്കെ പറയുന്നു . ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ ആരും ഒന്നും ചെയ്യാറില്ലെന്ന് . അല്ലെങ്കില്‍ തന്നെ ഇക്കാലത്ത് വീട്ടില്‍ എന്ത് ജോലിയാണുള്ളത് . എന്നിട്ടും ! "

ഒരു പക്ഷെ ഇതു വേറെ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വിട്ടു കളഞ്ഞേനെ. താങ്കളുടെ വീട്ടിലെ കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞതു കൊണ്ട് താങ്കളുടെ നിലപാടുകള്‍ അറിഞ്ഞു. വളരെ നല്ല കാര്യം. പക്ഷെ മുകളിലെ വാചകങ്ങള്‍ താങ്കളുടെ നിലപാടുകള്‍ അറിയാത്തവര്‍ക്ക് തെറ്റിദ്ധാരണ പരത്തും എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്. അത് എന്‍റെ കമന്റ് മൂലം മാറിയെങ്കില്‍ താങ്കള്‍ക്കു വിശദീകരിക്കേണ്ടി വന്നത് നല്ലതാണെന്ന് തോന്നുന്നു.

Vanaja said...

ഓഫ് റ്റോപിക് അഥവാ അരിയെത്രേന്നു ചോദിച്ചാല്‍ പയറഞ്ഞാഴി.
1. “പത്തുമാസം ചുമന്ന്“ “നൊന്തു പെറ്റു“ പത്തിരുപത്തെട്ടു വയസ്സു വരെയൊക്കെ “കഷ്ടപ്പെട്ടു വളര്ത്തി“ ക്കൊണ്ടു വന്നിട്ട് “ഇന്നലെ കയറി വന്ന ഒരുത്തി“ മകന്റെ മേലുള്ള “അവകാശോം“ ഹൈജാക്കു ചെയ്തോണ്ടു പോയാല്‍ “ഒരു പെറ്റ തള്ളയ്ക്കും“ സഹിക്കില്ല.

പെണ്കു്ട്ടികളാണേല്‍ ഈ കുഴപ്പം വല്ലോം ഉണ്ടോ?

പത്തുമാസം ഒന്നും ചുമക്കണ്ടാ,സംഗതി ഇന്സ്റ്റ ന്റാ. പ്രസവിക്കാനാണേല്‍ ഒരു ബുദ്ധിമുട്ടുമില്ല.ഭയങ്കര സുഖാ..(എന്റമ്മ പറയുന്നത് ആ സുഖം ഓര്ത്തി്ട്ട് ആശുപത്രീന്ന് പോരാനേ തോന്നിയില്ലെന്നാ. അതുകൊണ്ട് എന്റെ 28 കെട്ടും ആശുപത്രിയില്‍ തന്നാരുന്നു) പിന്നെ ഒന്നു പ്രസവിച്ചിട്ടാല്‍ മതി.അവരു തന്നേയങ്ങു വളര്ന്നോ ളും.ഒരു കഷ്ടപ്പാടുമില്ലെന്നേ. ഇങ്ങനെ ഓസിനു കിട്ടുന്നതായതുകൊണ്ട് മകളുടെ മേല്‍ അവകാശോം ഇല്ല. “വലിഞ്ഞു കയറി“ ചെന്ന ഈ ശല്യത്തിനെ ലവരുടെ ഓദാര്യം കൊണ്ട് സഹിക്കുന്നതു കൊണ്ട് എന്തു പറഞാലും വികാരം തോന്നാതെ ചിരിച്ചോണ്ടിരിക്കുകയും ചെയ്യാം. അവളെ അടിച്ചാലും കൊന്നാലും ആത്മഹത്യ ചെയ്താലും നാശം പോയി കിട്ടിയല്ലോ എന്നോര്ത്തു് സന്തോഷിക്കുകയല്ലേ നിങള്‍ ചെയ്യുക,മകളുടെ അമ്മേ? അതുകൊണ്ടാണ് ആണ്കുിട്ടികളെ പ്രസവിക്കുന്നവര്‍ മാത്രം അമ്മമാരാവുന്നത്.:)

2.സ്നേഹം കൊണ്ട് തീറ്റയും വെള്ളവും ഒക്കെ കൊടുത്ത് ഞാനൊരു പശുവിനെ വളര്‍ത്തുന്നുണ്ട്. നാളെ മര്യാദയ്ക്ക് ഞാന്‍ പറയുന്നതും കേട്ട്, എനിക്ക് പാലും തന്ന് ജീവിച്ചില്ലെങ്കില്‍ പശുവേ നിന്നെ മനസമാധാനത്തോടെ ജീവിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഇതു കട്ടായം.

അടുത്തത് ടോപ്പിക്കാണൊ ഓഫ്ടോപ്പിക്കാണോന്നൊരു പിടീമില്ല.

“വന്നു കയറുന്ന“ പെണ്ണും നാളെ അമ്മയായി മാറും എന്നു വിചാരിക്കുന്നിടത്ത് പ്രശ്നമുണ്ടാകില്ലെന്ന് എവിടെയോ കണ്ടു.(മകനെ പ്രസവിച്ച് നാളെ അമ്മായിയമ്മയാവും എന്നായിരിക്കാം ഉദ്ദേശിച്ചത്.)അതു നാളെ അനുഭവിച്ചറിയേണ്ട കാര്യമല്ലേ. അതിലും എളുപ്പമല്ലേ ഇന്നലെ ഞാനുമൊരു “വന്നു കയറിയ പെണ്ണായിരുന്നു“ എന്നോര്‍ക്കുന്നത്? :)

മുകളില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യവും “സാമാന്യവല്‍ക്കരിച്ചു“ പറഞ്ഞതല്ല. ഈ വാക്ക് എവിടെയെങ്കിലുമൊന്നു പ്രയോഗിക്കണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.സമാധാനമായി.:)

അങ്കിള്‍ said...

സുകുമാരന്‍ മാഷേ, ഞാനും ഇവിടെ പ്രസംഗിച്ചതൊന്നും തത്വങ്ങളല്ല. സ്വന്തം അനുഭവം. ആദ്യമായി ബ്ലോഗില്‍ പങ്കിടുന്നു.

എനിക്കോ എന്റെ ശ്രീമതിക്കോ ഞങ്ങളുടെ മക്കള്‍ കാരണം പോസ്റ്റില്‍ പറഞ്ഞ ഒരനുഭവം ഉണ്ടായില്ല. കാരണം, മകള്‍ കല്യാണം കഴിഞ്ഞ് മരുമകനോടൊപ്പം ഡല്‍ഹിയില്‍ ജോലി ചെയ്ത് താമസിക്കുന്നു. മകന്‍ മരുമകളോടൊപ്പം ന്യൂയോര്‍ക്കില്‍ ജോലിചെയ്ത്‌ ജീവിക്കുന്നു. അവധിക്കു വന്ന്‌ ഒന്നിച്ച് കൂടുന്ന 3 ആഴ്ചയാണ് ഞങ്ങള്‍ക്ക്‌ വഴക്കടിക്കാന്‍ കിട്ടുന്ന സമയം. അപ്പോള്‍ ഇവിടെ പ്രസ്താവിച്ച പ്രശ്നങ്ങള്‍ക്ക്‌ സ്കോപ്പില്ല.

എന്നാല്‍ എന്റെ കഥ അങ്ങനെയായിരുന്നില്ല. താങ്കളെ പോലെ ചെറുപ്പത്തില്‍ എനിക്കും ചില പ്രിന്‍സിപ്പിള്‍ ഒക്കെ പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതിലൊന്നാണ് ഭാര്യയും ഭര്‍ത്താവും ഒരു ചെറിയ കാലം കഴിഞ്ഞാല്‍ പ്രത്യേകം താമസിച്ച്‌ കുടുംബം പോറ്റാന്‍ ശ്രമിക്കണമെന്ന്‌. അങ്ങനെ ഞാന്‍ ചെയ്യുകയും ചെയ്തു. വലിയ എതിര്‍പ്പ്‌ എന്റെ അച്ഛനും അമ്മയ്ക്കും കാണിക്കാന്‍ പടിയില്ല. കാരണം, എന്റെ അച്ഛനില്‍ നിന്നാണ് ഞാനിത്‌ പഠിച്ചത്‌. പുള്ളിക്കാരനും ഞാനും ഇക്കാര്യത്തില്‍ ഒരേ ലൈന്‍. പിന്നെങ്ങനെ എതിര്‍ക്കും. പക്ഷേ 18 കൊല്ലം ഒരു ഞായറാശ്ച പോലും മുടങ്ങാതെ അമ്മയുടെ അടുത്ത്‌ ഞങ്ങളെത്തുമായിരുന്നു. (ആവശ്യത്തിനു മറ്റു ദിവസങ്ങളിലും.)

അതു കൊണ്ടാണ് ഞാനെഴുതിയത്‌, ഭാര്യയുമായി പ്രത്യേകം താമസിച്ചാല്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരില്ലയെന്ന്‌. എല്ലാപേര്‍ക്കും ഒരു പക്ഷേ അത് പല കാരണങ്ങളാല്‍ പറ്റിയെന്നു വരില്ല.

വേണ്ട കൂടുതല്‍ വേണ്ട. ഒരു കാര്യം നോക്കിയോ, നമ്മള്‍ രണ്ടു പേര്‍ക്കു മാത്രമേ സ്വന്തം മക്കളില്‍നിന്നുള്ള അനുഭവകഥ പറയാന്‍ പറ്റൂ.

ഇവിടെ കമന്റിയവര്‍ കൂടുതലും പയ്യന്‍ മാരും പയ്യികളും. ചിലരെല്ലാം നല്ല നല്ല തത്വങ്ങള്‍ തട്ടിവിട്ടിട്ടുണ്. വരട്ടെ, അവരുടെ മക്കള്‍ വളര്‍ന്ന്‌ വരട്ടെ. 10-15 കൊല്ലം കഴിയുമ്പോള്‍ ഇതുപോലൊരു പോസ്റ്റിനു അവരും തന്‍‌കഥ പറയുമായിരിക്കും. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും (എനിക്ക്‌ നരകമില്ലെന്ന്‌ നേരത്തെ അറിയിച്ചിട്ടുണ്ട്) ഇതെല്ലാം വായിക്കും. ജാഗ്രതൈ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇവിടെയാരും തത്വങ്ങള്‍ പറഞ്ഞതായി കണ്ടില്ല, ഇനീപ്പോ ഞാന്‍ കാണാതെ പോയതാവുമോ എന്തോ...

മകനേക്കാള്‍ കൂറ്റുതല്‍ മരുമകളെ സ്നേഹിക്കുക്കയാണ് അച്ഛനും അമ്മയും ആദ്യം വേണ്ടത്. വിവാഹം കഴിഞ്ഞാലും മകന് രക്ഷിതാക്കളോടോപ്പം കഴിയാം, എന്നാല്‍ ഭാര്യയോ? ജനിച്ചുവളര്‍ന്ന നാടും വീടും വിട്ടുള്ള വരവാണ്.

വിവാഹശേഷം മകന്‍ കൈവിട്ടു പോകുന്നു എന്ന തോന്നല്‍ ഒരു അമ്മയുടെ തോല്‍‌വിയാണ്.ഒരു ഭാര്യ എന്നതിലുപരി അവള്‍ ഒരു മകള്‍ കൂടിയാണെന്നു കരുതണം.

ഭൂമിപുത്രി said...

എല്ലാരുടെം കഴിഞ്ഞിട്ടൊന്നുകൂടി വരാമെന്നു വെച്ചതാണ്‍.
എതായാലും എനിയ്ക്ക് പറയാനുള്ള ഒട്ടുമുക്കാല്‍ കാര്യങ്ങളും ശ്രീവല്ലഭന്‍ പറഞ്ഞതു കൊണ്ട് എളുപ്പമായി :}

വനജയുടെ ആ രോഷം എനിയ്ക്ക്
‘ക്ഷ’പിടിച്ചൂട്ടൊ.:))
അന്യഗൃഹത്തിലേയ്ക്ക് ‘വിട്ടുകൊടുക്കുന്ന’പെണ്‍മക്കളെപ്രതി അമ്മമാരനുഭവിയ്ക്കുന്ന നെഞ്ചുരുക്കം ആരും ഒറ്ക്കാറുപോലുമില്ല.

ഗുരുജി said...

ഭൂമിപുത്രീ, വനജ, പ്രിയാ ഉണ്ണികൃഷ്ണന്‍, നിങ്ങളുടെയെല്ലാം അഭിപ്രായങ്ങളെ സഹോദരരൂപേണ സ്വീകരിച്ചുകൊണ്ട്‌ ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. ഈ പോസ്റ്റ് ആണ്‍കുട്ടികളുള്ള അമ്മമാരില്‍ മകന്റെ വിവാഹത്തോടെ സംഭവിക്കുന്ന ചില മനോവ്യതിയാനങ്ങളെക്കുറിച്ചാണ്‌. ഇതിനെ ഒരു സ്ത്രീവിരുദ്ധ പോസ്റ്റായി അധ:പതിപ്പിക്കരുതെന്നൊരപേക്ഷ ഉണ്ട്‌. അമ്മ ഒരു സ്തീയല്ലേ..ആ അമ്മയെക്കുറിച്ചല്ലേ പറഞ്ഞു തുടങ്ങിയതും. പെണ്‍ക്ട്ടികളുള്ള അച്ഛനമ്മാരുടെ ആകുലതകളെക്കുറിച്ചു പറയാനാണ്‌ ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയതു തന്നെ..പക്ഷേ തുടക്കമിങ്ങനെയായി എന്നു മാത്രം. എത്ര പറഞ്ഞാലാണ്‌ അതു തീരുക?

സുകുമാര്‍ജിയോ, അങ്കിളോ പറഞ്ഞതുപോലെ എനിക്ക് സ്വകാര്യ അനുഭവം ഈ വിഷയത്തിലില്ല. എന്റെ മകന്‍ ഹൈസ്കൂളില്‍ പഠിക്കുന്നതേ ഉള്ളൂ. പക്ഷേ നേരത്തെ ഭര്‍ത്താവു മരിച്ച ഒരു സ്ത്രീ, മകനെ മാത്രം ആശ്രയിച്ചു ജീവിക്കെണ്ടി വന്ന ഒരു അമ്മ, മരുമകളുടെ വരവോടെ സ്വന്തം വീട്ടില്‍ അന്യയായിപ്പോയ ഒരു സഹോദരി, ഇവരുടെയെല്ലാം ജീവിതം അടുത്തു കണേണ്ടി വന്ന ഒരു വ്യക്തിയുടെ അനുഭവമായി ഇതിനെ കണക്കാക്കുക. ഇതൊരു സാമാന്യവത്കരണമല്ല. ഇന്നാല്‍ ഇത്തരം സംഭവങ്ങളുടെ സജീവതയെ നമുക്കു തള്ളാനുമാകില്ല.

എന്റെ വ്യക്തിപരമായ അനുഭവങ്ങളിലൊന്നിങ്ങനെയുമാണ്‌.
സ്വന്തം മകളെ അന്യവീട്ടില്‍ വിവാഹം കഴിച്ചയച്ചതിനുശേഷം മാസങ്ങളോളം ഒരു മനോരോഗിയെപ്പോലെ കരഞ്ഞും വിവഹത്തിന്റെ വീഡിയോ സിഡി എന്നും ഒരു തവണ കണ്ടും ദിവസം കഴിച്ച ഒരു ചേട്ടത്തി ഉണ്ടായിരുന്ന വ്യക്തിയാണ്‌ ഞാന്‍. മകള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ സുരക്ഷിതയാണ്‌ എന്നു ശരിക്കും ഉറപ്പു വന്നതിനുശേഷമാണ്‌ എന്റെ ചേട്ടത്തി പൂര്‍വ്വസ്‌ഥിതിയിലായത്‌.

ഞാന്‍ ഇതു പറഞ്ഞത്‌ ഈ പോസ്റ്റ് ഒരു സ്ത്രീവിരുദ്ധപോസ്റ്റ് ആയി കണക്കാക്കരുതെന്നണ്‌. വനജ എന്ന ബ്ലോഗ്ഗറുടെ ആത്മരോഷം മനസിലാക്കുന്നു. എന്റെ ഉദ്ദേശശുദ്ധി ഇവിടെ പറഞ്ഞുവെന്നു മാത്രം.

Pramod.KM said...

ഇങ്ങനത്തെ അമ്മമാര്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്:)

ഭൂമിപുത്രി said...

ഗുരുജീ,സ്ത്രീവിരുദ്ധതയല്ല ഉദ്ദേശ്യിച്ചതെന്ന് അറിയാം കേട്ടൊ.
ഒരോന്നു പറഞ്ഞുവന്നപ്പോള്‍ വേറെ എന്തൊക്കയോആയിപ്പോയെന്നു മാത്രം.
ഈ പോസ്റ്റിന്‍ അനുബന്ധമായി ഇനിയുമൊട്ടേറെ കാര്യങ്ങളുണ്ട് പറയാന്‍.
അതിനി പിന്നെ എപ്പോഴെങ്കിലുമാകട്ടെ.
ഇഞ്ചിയുടെ വളരെ പ്രസക്തമായ പോസ്റ്റിന്റെ ലിങ്കിന്‍ നന്ദി പ്രമോദ്.

Vanaja said...

ഗുരുജീ,
എങ്ങനെയാണ് ഇത് സ്ത്രീവിരുദ്ധപോസ്റ്റായി വ്യാഖ്യാനിക്കപ്പെടുന്നോ എന്ന സംശയം ഉണ്ടായതെന്നറിയില്ല.
എപ്പോഴും ആണ്‍കുട്ടികളുടെയും അവരുടെ അമ്മമാരുടേയും മരുമകടേയും മനോവ്യാപാരങ്ങളെ കുറിച്ചേ പറഞ്ഞു കേള്‍ക്കാറുള്ളൂ. മറിച്ച് ചിന്തിക്കാന്‍ ആരും മിനക്കെടാറില്ല.അതൊന്നു സൂചിക്കാന്‍ ശ്രമിച്ചു എന്നേയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഓഫ് ടോപ്പിക്കായി പറഞ്ഞതും. എന്റെ ഉദ്ദേശശുദ്ധിയും മനസ്സിലാക്കുമെന്നു കരുതുന്നു.:)

പിന്നെ അങ്കിള്‍,താങ്കള്‍ക്ക് എന്റെ കഥ വായിക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.കാരണം ഞങ്ങളും താങ്കളുടെ ലൈനില്‍ തന്നെയാണ് ചിന്തിക്കുന്നത്.:))

പ്രമോദിന് നന്ദി. :) ഇഞ്ചിക്ക് ഒരു സലാം:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പേണ്മക്കള്‍മാത്രം ഉള്ള അമ്മമാര്‍ ഇതില്‍നിന്നും ഒഴിവാക്കപ്പെടുന്നുണ്ടേ?എല്ലാ അമ്മമാരും ഒരു കാലത്തു മരുമകളായിട്ടിരുന്നില്ലെ? അന്നു അവരെന്തായിരുന്നു?ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ആണ് പലതും.അവകാശികള്‍ മാറി മാറി വരുന്നു എല്ലായിടത്തും, എല്ലാറ്റിലും.
വിഷയം കൊള്ളാം.

NITHYAN said...

പള്ളിയുടേതമ്മയ്‌ക്കും സീസറിന്റേത്‌ ക്ലിയോപാട്രയ്‌ക്കും എന്നൊരു നയമാണ്‌ നിത്യനിക്കാര്യത്തില്‍ സ്വീകരിച്ചത്‌. അത്‌ വലിയ കുഴപ്പമില്ലാതെ പോകുന്നുമുണ്ട്‌. മഹാത്മാഗാന്ധിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടുകൊണ്ട്‌ അബദ്ധവശാല്‍ പണ്ടൊരു പ്രതിഞ്‌ജ ചെയ്‌തുപോയിരുന്നു; നാളെത്തൊട്ട്‌ വസ്‌ത്രങ്ങള്‍ ഞാന്‍ സ്വയം അലക്കി ധരിക്കുന്നതായിരിക്കും'. ഉഗ്രപ്രതിഞ്‌ജ കേട്ട്‌ ദിഗന്തങ്ങള്‍ ഞെട്ടിവിറച്ചു. ദേവന്‍മാര്‍ പുഷ്‌പവൃഷ്ടി നടത്തി. യുക്തിവാദികള്‍ അങ്ങിനൊയു സംഭവമില്ലായിരുന്നെന്നും പറയുന്നുണ്ട്‌. പട്ടികള്‍ നിര്‍ത്താതെ രണ്ടുരാവും പകലും ഓലിയിട്ടതിന്‌ സാക്ഷികള്‍ ഉണ്ട്‌. അന്ന്‌ ക്ലിയോപാട്ര ഇല്ലായിരുന്നു. പിന്നെ ക്ലിയോപാട്ര മലയാളത്തില്‍ നിത്യകാമുകി വലതുകാല്‍ വച്ച്‌ കടന്നുവന്നപ്പോള്‍ നാട്ടുകാരും വീട്ടുകാരും അലംഘനീയമായ ആ ഭീഷ്‌മപ്രതിഞ്‌ജയെപ്പറ്റി പറഞ്ഞുകൊടുക്കുമ്പോഴാണ്‌ ആദ്യമായി നിത്യന്റെ കണ്ണുകള്‍ ജൂണ്‍മാസത്തെ ഭാരതപ്പുഴപോലെ അതിരുകവിഞ്ഞൊഴുകിയത്‌. അവരുടെയെല്ലാം ശുഷ്‌കാന്തി കാരണം നിത്യനെന്നും അലക്കിവെളുപ്പിച്ചുകൊണ്ടേയിരിക്കുന്നു. അമ്മയ്‌ക്കുമില്ല പരാതി, കെട്ടിയോള്‍ക്കുമില്ല. നാട്ടാര്‍ക്കൊട്ടുമില്ല. ശുഭം.

അങ്കിള്‍ said...

നിത്യാ, വാഷിംഗ് മെഷീനില്‍ കൂടിയാണോ ഈ വെളുപ്പീര്. വിട്ടുപറ. അണങ്കില്‍ ഞാനും കൂടെയുണ്ട്‌. 10 കൊല്ലം മുന്‍പ് ഒരു വാഷിംഗ് മേഷീന്‍ വാങ്ങിച്ച അന്നുമുതല്‍ ഈ നനപ്പു പരിപാടി എന്റെ തലയിലായി. ഇന്നും അതു സശ്രദ്ധം ചെയ്തു കൊണ്ടേയിരിക്കുന്നു.

ഒരു സ്നേഹിതന്‍ said...

ഇവിടെ വരാന്‍ വൈകിപോയി....

ഇന്നു ചര്ച്ച ചെയ്യേണ്ട ഒരു വിഷയമായിരുന്നു...

മണിപേഴ്സ് വിവാതത്തിനോട് യോജിക്കുന്നില്ല...

പിന്നെ മരുമകളെ സ്വന്തം മകളായി കാണാനുള്ള മനസ്സുള്ള അമ്മക്ക് ഒരിക്കലും ഒന്നും നഷ്ടപ്പെടില്ല..

മകന്റെയും മകളുടെയും ജീവിതത്തില്‍ സന്തോഷിക്കുക മാത്രമെ ചെയ്യൂ...

മരുമകളെ മകളായി കാണുന്ന അമ്മായിഅമ്മമാരെ സ്വന്തം അമ്മയായി കാണാന്‍ മരുമക്കള്‍ക്കും കഴിയണം...

അനില്‍@ബ്ലോഗ് // anil said...

"ഒരുസ്നേഹിതന്‍", താങ്കളൊടു യൊജിക്കയാണു ഞാനും.
അമ്മ, മകന്‍, മരുമകള്‍,പെരക്കുട്ടികള്‍ ..
ഇതൊരു ചക്ക്രം അല്ലെ? മരുമകള്‍ ഭൂമിയില്‍ തന്നെ ജാതയായവള്‍ തന്നെയല്ലെ?

Vijayan said...

ഒരു സുപ്രഭാതത്തില്‍ മകന്‍ അല്ലെങ്കില്‍ മകള്‍ അകന്നുപോകുംപോള്‍ അമ്മയുടെ വേദന അസഹനീയം തന്നെ.
മക്കളെ പ്രസവിച്ച ശേഷം, അമ്മയുടെ ചോരയും, നീരും, സമയവും സ്വപ്നങ്ങളുമെല്ലാം മക്കള്‍ക്ക് വേണ്ടി. അവരുടെ കയ്യാണോ കാലാണോ ആദ്യം വളരുന്നത്‌ എന്ന് നോക്കി ...
ഒരു നേരം ഉണ്ടില്ലെങ്കില്‍ അമ്മയുടെ മനസ്സ് വേദനിക്കും,
ഒരു ജലദോഷമോ തുമ്മലോ വന്നാല്‍ മതി അമ്മയുടെ മനസ്സില്‍ കാര്‍മേഘം ഇരുന്ടുകൂടാന്‍ .
അവര്‍ ഉറങ്ങുമ്പോള്‍ ഉറങ്ങാതെ കാത്തിരിക്കും, ചിരിക്കുമ്പോള്‍ ഒപ്പം ചിരിച്ചും , കരയുമ്പോള്‍ ഒപ്പം കരഞ്ഞും ....
അങ്ങനെ അങ്ങനെ അമ്മമനസ് മക്കള്കൊപ്പം നിഴല്‍ പോലെ.
മകന്‍ അല്ലെങ്കില്‍ മകള്‍ അറിയുന്നുണ്ടാവില്ല അമ്മയുടെ സ്നേഹത്ത്തിണ്ടേ അളവ്. പെട്ടെന്നൊരു ദിവസം നമ്മള്‍ക് കിട്ടിയിരുന്ന സ്നേഹം , അവകാശം എല്ലാ നഷ്ടപ്പെടുമ്പോള്‍ എല്ലാവര്ക്കും വേദനയുണ്ടാവും. അതാതു കാലങ്ങളില്‍ സംപവിക്കേണ്ടത് തന്നെ.
ആദ്യം മുലപ്പാല്‍ നുണഞ്ഞുനടന്ന നമ്മള്‍ പിന്നെ ക്രമേണ അതില്‍നിന്നു പിന്മാറുന്നു. നടക്കാന്‍ പഠിക്കുമ്പോള്‍ അമ്മയുടെ ഒക്കത്തുനിന്നും ഇറങ്ങിയോടുന്നു. സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ശീലിക്കുംപോള്‍ അമ്മയുടെ ഉരുളചോര്‍ വേണ്ടതാവുന്നു. ഇത് ജീവാവസ്തയുടെ ഒരു പരിചേദം തന്നെ. പക്വമതിയായ അമ്മമാര്‍ ഇതിനെ നല്ല രീതിയില്‍ നേരിടുന്നു.

Jinto Devasia Pulimoottil said...

ഏന്‍ ഈ വഴി വരാന്‍ വൈകിപ്പോയി, എല്ലാവരും ചര്‍ച്ച അങ്ങട് ഉഷാറാക്കുക. ഏന്‍ അഭിപ്രായം പറഞ്ഞാല്‍ സജി നിങ്ങളാണ് ആങ്കുട്ടി... കാരണം അതാണ്‌ സത്യം. മകന്‍റെ ജീവിതത്തിലെ സമസ്ത മേഘലയിലും തനിക്ക് കയറി ഇരിക്കണം എന്നു അമ്മ വിചാരിക്കുന്നിടത്തെ പ്രശ്നം വരികയുള്ളു. അവനവന്‍ ഇരിക്കെണ്ടിടത് മാത്രം അവനവന്‍ ഇരുന്നാല്‍ അവിടെ നായ കയറി ഇരിക്കാതിരിക്കുന്നതിനോപ്പം, ആരാന്‍റെ സ്ഥാനത്തു കയറി ഇരിക്കുന്ന നായ ആകാതിരിക്കുകയും ചെയ്യും.