Friday, July 4, 2008

ഒളിച്ചോടുന്ന മക്കള്‍ മറന്നിട്ടുപോകുന്നത്..

ആറ്റുനോറ്റു വളര്‍ത്തിയ മകള്‍ കോളേജില്‍ നിന്നും വരാന്‍ വൈകിയപ്പോള്‍ വഴിയിലിറങ്ങി നിന്ന്‌ അതു വഴി കടന്നുപോയവരോടൊക്കെ 'എന്റെ മകളെ ആ വഴിയെങ്ങാനും കണ്ടോ’ എന്നു ചോദിച്ചു നിന്ന ഒരു അമ്മ ‘മകള്‍ മറ്റൊരാളോടൊപ്പം ഒളിച്ചോടി' എന്ന അറിവില്‍ വഴിയില്‍ കുഴഞ്ഞുവീണ ഒരു സംഭവം ഓര്‍മ്മയിലുണ്ട്.

കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇത്‌. പത്രങ്ങളിലൂടെ അറിയുന്നതിനുമപ്പുറത്ത്‌ ഉള്‍നാടുകളിലും നഗരങ്ങളിലുമൊക്കെ ഇങ്ങനെ ജീവിതത്തിന്റെ വഴിയില്‍ കുഴഞ്ഞുവീഴുന്ന നിരവധി മാതാപിതാക്കളെ നമുക്കു കാണാം.

ജീവിതത്തിലെ അദ്ധ്വാനവും സമ്പാദ്യവും എല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനും സുഖസൌകര്യങ്ങള്‍ക്കുമായി ചെലവഴിച്ച്‌ മക്കളില്‍ ഭാവിജീവിതം 'ഇന്‍വെസ്റ്റ്' ചെയ്തിരിക്കുന്ന അണുകുടുംബങ്ങളിലെ മാതാപിതാക്കളാണ്‌ ഇങ്ങനെ കുഴഞ്ഞുവീഴുന്നത്‌. മക്കളില്‍ നിന്നുള്ള അപ്രതീക്ഷിത പ്രഹരം ഇത്തരം അച്ഛനമ്മമാരെ നരകാഗ്നിയിലേക്കു തള്ളിയിടുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വന്തം രക്ഷിതാക്കളോട് ഇത്തരമൊരു ക്രൂരത കാണിക്കാനുണ്ടാകുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാകാം? ഏതു തരം അസംതൃപ്തിയാകാം ഇവരെ ഇങ്ങനെ ഒരു പാതകത്തിലേക്കു നയിക്കുന്നത്‌? പ്രണയത്തിന്റെ അന്ധതയോ, കാമത്തിലേക്കുള്ള കൂപ്പുകുത്തലോ, അതോ 'വളര്‍ത്തുദോഷ'മോ?

സ്വന്തമായ ഒരു കുടുംബം തീര്‍ക്കാന്‍ 'സ്വന്തം കുടുംബം' തകര്‍ത്തിറങ്ങിപ്പോകുന്ന മക്കളുടെ ന്യായീകരണങ്ങളെന്തായിരുന്നാലും, ഏതുതരം നാഗരികതയില്‍ ജീവിച്ചാലും, സമൂഹമദ്ധ്യത്തില്‍ ഇത്തരം രക്ഷിതാക്കള്‍ അപമാനിതരാകുന്നു. ഇതൊരു സമൂഹികവശം മാത്രം.

ഈ രക്ഷിതാക്കളുടെ ഉള്ളിന്റെ ഉള്ളിലെ മാനുഷികവശം ഇത്തരം മക്കള്‍ ഓര്‍ക്കാറേയില്ല. മക്കള്‍ ജനിച്ചനാള്‍ മുതല്‍ അവരുടെ ആരോഗ്യം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം, താമസം, വിദ്യാഭ്യാസം എന്നിവക്കായി സ്വന്തം സമയം, ആരോഗ്യം, സമ്പാദ്യം എല്ലാം നല്‍കി കാത്തിരുന്ന അച്ഛനമ്മമാരെ ഒരു ദിവസം കൊണ്ടു സ്വയം പുച്ഛം തോന്നിപ്പിക്കും വിധം അധ:പതിപ്പിച്ച്‌ ഈ മക്കള്‍ ഏതു സുഖത്തിലേക്കാണ്‌ നടന്നു പോകുന്നത്‌?

സ്വന്തം വീടുകളില്‍ നിന്നും വേണ്ടത്ര സ്‌നേഹവും പരിലാളനയും കിട്ടാത്താവരാണ്‌ സ്‌നേഹത്തിനായി ഇങ്ങനെ മുട്ടിയുഴറുന്നതെന്നും പറയാന്‍ വയ്യ. എല്ലാ വിധ സുഖസൌകര്യങ്ങളും മതിയായ സ്‌നേഹവും പരിഗണനയും നല്‍കിപ്പോന്ന ഒരു യുവാവ്‌ അച്ഛനമ്മമാരുടെ എല്ലാ പ്രതീക്ഷകളേയും തട്ടിമാറ്റി അന്യമതസ്ഥയയ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇറങ്ങിപ്പോയതും അറിയാം.

അച്ചനമ്മാരേക്കാള്‍, സ്കൂളിലോ കോളേജിലോ വെച്ചു പരിചയപ്പെടുന്ന ഒരാളില്‍ ഇത്രമാത്രം സ്‌നേഹവും സുരക്ഷിതത്വവും തോന്നിപ്പിക്കുന്നതിന്റെ പിന്നിലെ പ്രേരണയെന്തായിരിക്കാം? തന്റെ സ്വകാര്യജീവിതത്തില്‍ രക്ഷിതാക്കളുടെ മേല്‍ക്കോയ്മയെ അംഗീകരിക്കാന്‍ വൈമനസ്യമുണ്ടാകുന്നതെന്തുകൊണ്ടാണ്‌ ഇങ്ങനെ തനിക്കു മാത്രമായ ഒരു ജീവിതത്തിലേക്കു ഇക്കൂട്ടര്‍ക്കു ഒളിച്ചോടേണ്ടിവരുന്നത്.

മക്കളില്‍ ഭാവിയുടെ സുരക്ഷിതത്വം പടുത്തുയര്‍ത്തുന്ന അച്ഛനമ്മമാര്‍ക്കു കിട്ടുന്ന അപ്രതീക്ഷിത പ്രഹരം ഏതു ദിശകളിലൂടെയൊക്കെയായിരിക്കും സഞ്ചരിക്കുക എന്ന് ഈ മക്കള് അറിയുന്നതേ ഇല്ല. സര്‍വ്വനഷ്ടങ്ങള്‍ക്കും മീതേ 'മാനഹാനി' തന്നെയാണ്‌ കേരളസമൂഹത്തില്‍ ഇന്നും രക്ഷിതാക്കള്‍ക്ക് ഇതിലൂടെയുണ്ടാകുന്ന പ്രധാന പ്രശ്നം.

ഇതിനു കാരണക്കാരാകുന്ന മക്കള്‍ സ്വജീവിതത്തില്‍ തിരിച്ചറിവിന്റെ ഏതെങ്കിലും ഒരിടവഴിയില്‍ വെച്ച്‌ അവര്‍ ചെയ്തുപോയ പാതകത്തിന്റെ ആഴം തിരിച്ചറിയുമെന്നു തന്നെ വിശ്വസിക്കുന്നു. വളരെയേറെ വിപ്ലവാത്മകതയോടെ ഒളിച്ചോടി വിവാഹം കഴിച്ചു ജീവിച്ചു വന്ന ഒരു ദമ്പതികളുടെ മകള്‍ ഇഷ്ടമുള്ള പുരുഷനോടൊപ്പം ജീവിക്കാനായി ഇറങ്ങിപ്പോയപ്പൊള്‍ പഴയ വിപ്ലവമാതാവ്‌ ആത്മഹത്യക്കു ശ്രമിച്ച ഒരു അനുഭവവും ഉണ്ട്. ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ പണ്ടു 'തകര്‍ന്ന ഒരു അമ്മമനസ്സിന്റെ ആഴം' അനുഭവിക്കാനായി എന്നവര്‍ സാക്ഷ്യപ്പെടുത്തി.

ഊട്ടിവളര്‍ത്തി, പഠിപ്പിച്ച്, കാര്യശേഷിയുണ്ടാക്കിയിത്തന്ന സ്വന്തം അച്ഛനമ്മമാരെ ഈ ഒരവസ്ഥയിലേക്കു തള്ളിയിടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നു ചോദിച്ചപ്പോള്‍ എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്.

പ്രണയത്തിന്റെ ആത്യന്തികഭാവം കാമമാണ്. കാമത്തിന്റെ നുരകുത്തലുകൊണ്ടു മാത്രമാണ് ഇങ്ങനെ എല്ലാം മറന്നും ഇറങ്ങിപ്പോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കാമാതുരങ്ങളല്ലാത്ത പ്രണയങ്ങളുണ്ടായിട്ടില്ലേ എന്ന ചോദ്യത്തിനു ‘ഇല്ല’ എന്ന ഒരു കടുത്ത ഉത്തരമാണ് എന്റെ സുഹൃത്തു തന്നത്. പറഞ്ഞതിങ്ങനേയും.

"പരസ്പരം ഒന്നിക്കാനോ, ഇണ ചേരാനോ കഴിയാതെ പോയിട്ടുള്ളവരുടെ കഥകള്‍ മാത്രമല്ലേ പ്രണയത്തിലെ അനശ്വര കഥകളായി വാഴ്ത്തുന്നുള്ളൂ. വിവാഹിതരായവരുടെ ഇടയിലെ പ്രണയത്തെക്കുറിച്ച് ഏതു അനശ്വരകൃതിയാണുള്ളത്. കാമാതുരമാകുന്ന ഒരു മനസ്സ് പിന്‍വിളികള്‍ കേള്‍ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. അതില്‍ നിന്നാണ് ഇങ്ങനെയൊരു അവസ്ഥയിലേക്കു ഈ കുട്ടികള്‍ എത്തുന്നതെന്നാണ്."

വിവാഹിതരായവരുടെ പ്രണയമല്ലേ താജ്‌മഹലിന്റെ കഥ പറയുന്നതെന്ന എന്റെ മറുചോദ്യത്തിനു "അകാലത്തില്‍ കൊഴിഞ്ഞുപോയ കാമത്തിന്റെ, അഥവാ പൂര്‍ണ്ണമാകാതെ പോയ ഒരു ആര്‍ത്തിയുടെ, ആര്‍ത്തനാദമായിരുന്നു അതെന്നായിരുന്നു" മറുപടി. പ്രണയത്തിന്റെ ആത്യന്തികലക്ഷ്യമെന്നത്‌ വിവാഹത്തില്‍ അവസാനിക്കുന്ന ഒരു ജീവിതം അല്ലെങ്കില്‍ കാമവാസനക്കുള്ള ശമനോപാധി. അതിനപ്പുറം പ്രണയത്തിനു അതിന്റേതെന്നു പറയാവുന്ന ആസ്വാദ്യകരമായ വേറിട്ട ഒരു ഭാവമില്ല.

സുഹൃത്ത് തുടര്‍ന്നു. "വിദേശങ്ങളിലെപ്പോലെ സുതാര്യമായ ഒരു ആണ്‍പെണ്‍ ഇടപെടല്‍ ഇനിയും നമ്മുടെ നാട്ടില്‍ സാധ്യമല്ലത്തിടത്തോളം, കാമവാസനകളുടെ ഇത്തരം കളികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മൃഗങ്ങളെപ്പോലെ മനുഷ്യനുമുണ്ടെന്ന വസ്തുതയെ സാമൂഹ്യബോധത്തിന്റെ പേരില്‍ തളക്കാന്‍ ശ്രമിക്കുന്നിടത്താണ്‌ ഈ 'നരകാഗ്നി' എന്നൊക്കെ പറയേണ്ടി വരുന്നത്‌. ബോധം കെട്ടു വീഴുകയല്ല, ബോധത്തിലേക്കു തിരിച്ചു വരികയാണു വേണ്ടത് " അദ്ദേഹം പറഞ്ഞു."

എന്റെ സുഹൃത്തിന്റെ അഭിപ്രായത്തിനോട് ഞാന് ഐക്യം കാട്ടിയില്ല. എതിരും പറഞ്ഞില്ല. ഈ എഴുതിയത്‌ എന്റെ ഡോക്ടര്‍ സുഹൃത്തും വായിക്കുമെന്നതിനാല്‍ അദ്ദേഹത്തിനുള്ള മറുപടിക്കായി ഇതു ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.

7 comments:

ഗുരുജി said...

"പരസ്പരം ഒന്നിക്കാനോ, ഇണ ചേരാനോ കഴിയാതെ പോയിട്ടുള്ളവരുടെ കഥകള്‍ മാത്രമല്ലേ പ്രണയത്തിലെ അനശ്വര കഥകളായി വാഴ്ത്തുന്നുള്ളൂ. വിവാഹിതരായവരുടെ ഇടയിലെ പ്രണയത്തെക്കുറിച്ച് ഏതു അനശ്വരകൃതിയാണുള്ളത്. കാമാതുരമാകുന്ന ഒരു മനസ്സ് പിന്‍വിളികള്‍ കേള്‍ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. അതില്‍ നിന്നാണ് ഇങ്ങനെയൊരു അവസ്ഥയിലേക്കു ഈ കുട്ടികള്‍ എത്തുന്നതെന്നാണ്."

Shooting star - ഷിഹാബ് said...

saamoohika prathibadhadhayulla onnaayimaari ezhuthu nannaayittundu. pinnea sthreeyum purushanum aduthidapazhukunna saahacharyam ullidathu ithineakkaal maoshamaaya saamskaarika nilavaaramaanu nilanilkkunnathennu swathanthramaaya manassode onnu parishodichaal vyakthamaaku. 15aam vayassil garbhini kalaakunna vidhyabhyaasamillatha aadhivaasikale kurichu naam alamurrayidumboal vidhyaasambhannaraayikondirikkunna sexual education cheruppathilea labhyamaayikondirikkunna onnam kida raajyangalil school vidhyaarthikal "just for a fun" enna pearil garbhinikal aayi kalichu kondeayirikkunnu. kaamam illaathea pranayam illa ennullathu arthamulla sathyam thanneyaanu. pranayangalkku arthamillaathe pokunnath mkandu koottunna film kalilea naayikaa naayakanmaaraakanulla verum badhappaadu maathramaayi pranayam maarunnu ennullathaanu. vivaahaanandharamulla arthamulla pranayathea kurichu aarum parayaunnilla ennullathu mattoru kaaranavum. enthaayaalum nannaayittundu

ഒരു “ദേശാഭിമാനി” said...

ഇത്തരം ഒളിച്ചോട്ടങ്ങൾ ധാരാളം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.
ചിലർ തുടക്കത്തിൽ നല്ല രീതിയിൽ പരസ്പരം അർപ്പ്ണത്തോടെ ജീവിതത്തെ നോക്കി കണ്ട് മാത്‌റുകാപരമായി ജീവിക്കാറുണ്ട്. അവർ പ്രണയം കാമം എന്ന മ്രുഗീയ വികാരത്താൽ ഉരു തിരിഞ്ഞുവന്നതല്ല! അവർ ആണു “മൈഡ് ഫൊർ ഈച്ച് അതർ” എന്നെല്ലാം പറയുന്ന വിഭാഗത്തിൽ ഉള്ള്വർ. 25% വരാം.

രണ്ടാ‍മത്തെ വിഭാഗം, പ്രേമം കൊണ്ട് അന്ധരായവർ - വീട്ടുകാരാ‍ൽ ഉപേക്ഷിക്കപ്പെടുകയോ, വീട്ടുകാരോടൂള്ള ഭയം കൊണ്ടു ഒളിച്ചോടുകയോ ചെയ്യുന്ന അവർ ആദ്യത്തെ കുറെ നാളുകൾ “നവരസംങ്ങൾ ആടി കഴിഞ്ഞാൽ,“ പിന്നെ , ഇതു ഇത്രയേ ഉള്ളോ, എന്ന ചിന്താഗതിയിൽ വരികയും, ജീവിതത്തിനെ പ്രാരാബ്ദങ്ങളിൽ പരാജയപ്പെട്ട് തകർന്ന പോകുന്നവരാണവർ. ഇവരാണു കൂടുതലും - മൊത്തത്തിൽ 40% ഇക്കൂട്ടർ കണ്ടേക്കാം. ഇവരുടെ പിന്നീടുള്ള ജീവിതംഎങ്ങ്ം തൊടാതെ സമൂഹത്തിന്റെ മുൻപിൽ പ്രദർശിപ്പിക്കാനുള്ളതു മാത്രമായിർക്കും, ഉള്ളിൽ സമാധാനമുണ്ടാവില്ല -പൊട്ടലും ചീറ്റുലും, അടിപിടി, മദ്യപാനത്തിനു അടിമപ്പെടൽ ഇതൊക്കെ ഇത്തരം കുടുമ്പങ്ങളിൽ പെടും. ഇവരെ ബന്ധുക്കളുടെ സഹകരണം കൊണ്ടും സപ്പോർട്ടു കൊണ്ടും, കുറെ കൂടി നല്ല ജീവിതം കൊടുക്കാൻ പറ്റിയെക്കാം.

ബാക്കി വരുന്ന 35% വും, കാമം എന്ന് വികാരത്തിനു അടിമപ്പെടലിന്റെ മാത്രം ബലിയാടുകളാണു. ഇവരിലെ സ്തീവർഗ്ഗം ആണു ഒരു പരിധിവരെ തെരുവിലേക്കോ, അസാന്മാർഗ്ഗികതകളിലേക്കോ വലിച്ചെറിയപ്പെടുന്നവർ. പുരുഷവർഗ്ഗം, പുതിയ ഇരകളെ കാമപൂരണത്തിനും, ജീവിത സന്ധാരണത്തിനും വേണ്ടി ഉള്ള വരുമാനത്തിനും വേണ്ടി കണ്ട്ത്താനുള്ള ശ്രമിത്തിലേക്ക്ക്കു തിരിയും.

മേൽ പറഞ്ഞത് സംഗതിയുടെ ഉത്തരഭാഗം.

പ്രേമംഎന്ന വികാ‍രം - മനുഷ്യൻ എന്ന് “ജന്തു” വിനുള്ള ജന്മവാസനയുടെ പ്രതിഫലനമാണു. അതു ഒരിക്കലും തടുക്കാൻ സാധിച്ചു എന്നു വരില്ല.

അപ്പോൾ - പന്ത് മാതാപിതാക്കളുടെ കോർട്ടിലെക്കു തട്ടുക!..... തന്റെ മക്കളുടെ കാര്യത്തിൽ രക്ഷകർത്താക്കൾ നല്ല ബോധമുള്ളവരായിരിക്കണം. അവരിൽ എന്തെങ്കിലും തരത്തിലുള്ള പ്രേമബന്ധങ്ങൾ ഉരുതിരിഞ്ഞു വരുന്നു എന്നറിഞ്ഞാൽ കുട്ടി അറിയാതെ തന്നെ, അതു വളർന്നു വരാതിരിക്കാനുള്ള സാധ്യതകൾ മതാപിതാക്കൾ സ്വയം ആരായണം. .......... “ഇനി അവസാനം കൈ വിട്ടു പോയ” കേസാണങ്കിൽ,അവരെ നല്ല രീതിൽ സ്വീകരിച്ചു, സപ്പോർട്ടു കൊടുത്തു ജീവിക്കാൻ അനുവദിക്കുക.

സമൂഹത്തിനു മുൻപിൽ നാണക്കേടായില്ലെ എന്നു കരുതുന്നവർ ഉണ്ടങ്കിൽ ‘ഹാ കഷ്ടം’ എന്നേ പറയേണ്ടൂ. കളവോ, മോഷണമോ, കൊലപാതകമോ ഒന്നുമല്ല ഇവർ ചെയ്തതു. വികാരത്താൽ വേർപിരിയാൻ വിഷമകരമായിതീർന്ന ബന്ധങ്ങൾ നിർബ്ബന്ധിച്ചു വേർപിരിച്ചാൽ അതു അവരിൽ മാനസികപ്രശ്നങ്ങൾ ഉണ്ടാകും, ഭാവിജീവിതത്തെ അതു ബാധിക്കും.

സമൂഹത്തിൽ അവരെ “കുറ്റവാളികളേപ്പോലെ കാണുന്നകാഴ്ച” പരിതാപകരം തന്നെ! അവർ ജീവിക്കട്ടെ - സന്തോഷത്തോടെ,....മറ്റുള്ളവരുടെ നിരുപാധികമായ സന്തോഷത്തിൽ നാം സന്തോഷിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

വ്യസനത്തോടെ പറയട്ടെ..., മറ്റുള്ളവരുടെ കണ്ണിരാണു ഇന്ന് പലരേയും സന്തോഷിപ്പിക്കുന്നത്!,

സാമൂഹ്യവ്യവസ്ഥിതികൾ മാറികൊണ്ടിരിക്കുകയാണു. അതനുസരിച്ചു സമൂഹത്തിന്റെ ചിന്താരീതിയും മാറണം.

സമൂഹ്യമാറ്റങ്ങളെ ഉൾക്കൊണ്ട് ജീവിക്കുന്നവർക്കെ സ്ന്തോഷത്തോടെ ജീവിക്കാൻ പറ്റൂ.

സ്നേഹത്തോടെ

ഗുരുജി said...

1. വിവാഹപൂര്‍വ പ്രണയങ്ങള്‍ എല്ലാം തന്നെ ശരീരികമായ ഒരു ആകര്‍ഷണത്താലുണ്ടാകുന്നതാണ്. പ്രണയമെന്ന ഭാവം വിവാഹത്തില്‍ കലാശിക്കുന്നതോടെ അതൊരു പ്രസ്ഥാനവത്‌കരണത്തിലേക്കു കൂപ്പുകുത്തുന്നതല്ലേ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്..ഒളിച്ചോടുന്ന ഈ കുട്ടികളും കുടുംബമെന്ന ഈ ഒരു പ്രസ്ഥാനത്തിലേക്കാണു കുടിയേറുന്നത് എന്നിവര്‍ മറന്നുപോകുന്നു..

2. വളരെ ഝടുതിയില്‍ അത്ര ആസ്വാദ്യകരമല്ലാത്ത രീതിയില്‍ ഒരു തവണ എങ്കിലും ഒരു കേവല ലൈംഗികബന്ധം സാധിക്കാനിടയാകുന്നതോടെ തന്റെ ഇണയോടുള്ള പ്രണയത്തിന്റെ തീവ്രത കുറഞ്ഞുപോകുന്നതും, ഒരിക്കലെങ്കിലും അതൊന്നു സാധിക്കാന്‍ കഴിയാതെപോകുന്നതിന്റെ പേരിലോ, അതിനോടുല്ല തിരസ്കാരത്തിന്റെ പേരിലോ, പ്രണയിക്കുന്നവരെ അപായപ്പെടുത്തുന്നവരും ഒക്കെ സാക്ഷ്യപ്പെടുത്തുന്നത്‌ പ്രണയത്തിന്റെ ലക്ഷ്യം കാമസംപൂര്‍ത്തി എന്നു തന്നെയാണ്..അല്ലേ...ഇതുകൊണ്ടാണ്‌ ഞാന്‍ എന്റെ സുഹൃത്തിനോട് എതിരു പറയാതിരുന്നതും.

പാമരന്‍ said...

ഗുരുജീ,

എന്തിനാണിങ്ങനെ മാതാപിതാക്കള്‍ കുഴഞ്ഞു വീഴാനിരിക്കുന്നത്‌? ഈ ചാടിപ്പോകുന്ന കുട്ടികള്‍ ഒരു സ്വന്തം കുടുമ്ബമുണ്ടാക്കി, അവര്‍ക്കൊരു മോനോ മോളോ ഉണ്ടായി, അവര്‍ ചാടിപ്പോകുംബോള്‍, നമ്മളും ഇങ്ങനെ ഒരിക്കല്‍ ചാടി വന്നവരാണെന്നു ഓര്‍ക്കാതെ കുഴഞ്ഞു വീഴുന്നില്ലേ?

മക്കളുടെ ഇന്‍ഡിവിജ്വാലിറ്റി അംഗീകരിക്കാത്തതാണ്‌ പ്രശ്നം എന്നാണെനിക്കു തോന്നുന്നത്‌. മക്കളെ വളര്‍ത്തുന്നതും അവരെ സ്നേഹിക്കുന്നതും പ്രതിഫലം മോഹിച്ചിട്ടാണോ? അവരെങ്ങനെ ആയിത്തീരണമെന്നും അവരെങ്ങനെ ഇണയെ കണ്ടെത്തണമെന്നും ഉള്ള നമ്മുടെ ആഗ്രഹങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുമ്ബോഴല്ലേ ഈ ചാടിപ്പോക്കുകള്‍ ഉണ്ടാവുന്നത്‌?

മാംസ നിബദ്ധമല്ല രാഗം എന്നൊന്നും എനിയ്ക്കും അഭിപ്രായമില്ല.

ഗുരുജി said...

പാമരന്‍,
ഇന്നത്തെ രക്ഷിതാക്കള്‍ കുഴഞ്ഞുവീഴുന്നതിനും ഉണ്ട് കാരണങ്ങള്‍. ഇന്നത്തെ കുട്ടികള്‍ രക്ഷിതാക്കളുടെ ഒരു ഇന്‍വെസ്റ്റ്മെന്റ് അല്ലേ...വളരെയേറെ ലാഭം ഭാവിയില്‍ കൊയ്തെടുക്കാം എന്ന മോഹത്താല്‍, എന്തു വിലയും കൊടുത്ത്‌, ആര്‍ക്കും കൈക്കൂലി കൊടുത്ത്‌ സ്വന്തം കുഞ്ഞിനെ ഇന്നത്തെ
വിപണിയിലേ ഏറ്റവും നല്ല 'മര്‍ക്കറ്റുള്ള ചരക്കാക്കി' മാറ്റിയെടുക്കാന്‍ ഓരോ രക്ഷിതാക്കളും പെടാപ്പാടു പെടുന്നതല്ലേ നമ്മള്‍ ഇന്നു കാണുന്നത്..ഈ എഴുതുന്ന ഞാനും അതിലൊരു കണ്ണിയാണ്..പെട്ടെന്നൊരു ദിവസം മൊത്തം സമ്പാദ്യവും ഹൈജാക്ക് ചെയ്യപ്പെട്ടാല്‍ കുഴഞ്ഞുവീഴുകയല്ലാതെ എന്തു ചെയ്യാന്‍?

അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനും കിടമത്സരങ്ങള്‍ക്കും വഴങ്ങി എക്‌സ്‌റ്റ്റാ ക്ലാസ്സിനും, സ്‌പെഷ്യല്‍ കോച്ചിംഗിനും പോയി, കൌമാരം കെട്ടിയിടേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ ഇങ്ങനെ കയറുപൊട്ടിക്കാന്‍ നോക്കുന്നത് വീട്ടില്‍ അവരുടെ മനോനിലക്കു വേണ്ട പരിപോഷണം കിട്ടാത്തതുകൊണ്ടു മാത്രമാണെന്നാണെന്റെ അഭിപ്രായം..

Anonymous said...

Well well well......